വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസിൽ മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ശിവാലിക് ശർമ അറസ്റ്റില്‍. രാജസ്ഥാൻ പോലീസ് താരത്തെ കസ്റ്റഡിയിലെടുത്തു. കുടി ഭഗത്സനി പോലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. സംഭവത്തിൽ ശിവാലിക്കിനെ പോലീസ് കോടതിയിൽ ഹാജരാക്കി. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
2023 ഫെബ്രുവരിയിലാണ് ഒരു യാത്രയ്ക്കിടെ ജോധ്പുർ സ്വദേശിയായ യുവതിയെ ശിവാലിക് പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും തമ്മിൽ നല്ല അടുപ്പത്തിലായി. ഇവരുടെ ബന്ധത്തെ ഇരുകൂട്ടരുടെയും കുടുംബങ്ങളും പിന്തുണച്ചു. തുടർന്ന് വിവാഹ നിശ്ചയച്ചടങ്ങിലേക്കുവരെ കാര്യങ്ങൾ നീണ്ടതായും പോലീസ് പറയുന്നു. വിവാഹനിശ്ചയത്തിനുശേഷം ഇരുവരും രാജസ്ഥാനിൽ പല സ്ഥലങ്ങൾ സന്ദർശിക്കുകയും യുവതിയുമായി ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്തിരുന്നു.
2024 ഓഗസ്റ്റിൽ ശിവാലിക് യുവതിയുമായി സ്വന്തം നാടായ വഡോദരയിലെ വീട്ടിലെത്തി. തുടർന്ന് മാതാപിതാക്കൾ ഈ ബന്ധം തുടരാനാവില്ലെന്ന് യുവതിയെ അറിയിച്ചു. അവനൊരു ക്രിക്കറ്റ് താരമായിരുന്നെന്നും തങ്ങൾ അവനായി മറ്റു വിവാഹാലോചനകൾ പരിഗണിക്കുകയാണെന്നും പറഞ്ഞു. ഇതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. യുവതിയുടെ വൈദ്യപരിശോധനകളടക്കം പൂർത്തിയായതായി പോലീസ് അറിയിച്ചു.