കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ വിലപ്പെട്ട സംഭാവനകളെ മാനിച്ച് കേരളത്തിൽ ജനിച്ച് കന്നഡ ഭാഷാ പണ്ഡിതയും എഴുത്തുകാരിയും ഭാഷാപ്രവർത്തകയുമായ ഡോ. സുഷമ ശങ്കറിനെ കർണാടക സർക്കാരിൻ്റെ കന്നഡ വികസന അതോറിറ്റി ആദരിച്ചു.
ബെംഗളൂരുവിലെ കന്നഡ ഭവനിലുള്ള നയന സഭാംഗണത്തിൽ കർണാടക കാർമ്മിക ലോകയുടെ സഹകരണത്തോടെയാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. കന്നഡ വികസന അതോറിറ്റി സെക്രട്ടറി ഡോ. സന്തോഷ് ഹാനഗൽ, പ്രശസ്ത ചലച്ചിത്രനടനും കന്നഡ ഭാഷാ പ്രക്ഷോഭകാരിയും അതോറിറ്റിയുടെ മുൻ അധ്യക്ഷനുമായ മുഖ്യമന്ത്രി ചന്ദ്രു, മുൻ രാജ്യസഭാംഗവും എഴുത്തുകാരനുമായ എൽ. ഹനുമന്തയ്യ, ഡോ. നിരജ്ഞയ്യ ആരാധ്യ തുടങ്ങിയ കന്നഡയിലെ പ്രമുഖർ ചേർന്നാണ് ഡോ. സുഷമ ശങ്കറിനെ ആദരിച്ചത്. കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സേവനങ്ങൾ പരിഗണിച്ച് ഈ ആദരം ഏറ്റുവാങ്ങുന്ന ആദ്യ മലയാളി എന്ന പ്രത്യേകതയും ഡോ.സുഷമ ശങ്കറിനുണ്ട്.
ഏകദേശം 35 വർഷം മുമ്പ് വിവാഹശേഷം കർണാടകയിലെത്തിയ അവർ കന്നഡ അക്ഷരമാലയിൽനിന്ന് ഭാഷാപഠനം ആരംഭിച്ച് പിന്നീട് കന്നഡയിൽ എം.എ., എം.ഫിൽ., പി.എച്ച്.ഡി. ബിരുദങ്ങൾ നേടി. കഴിഞ്ഞ 18 വർഷമായി കന്നഡ ഭാഷ അറിയാത്തവർക്കായി സൗജന്യ കന്നഡ പഠനക്ലാസുകൾ സംഘടിപ്പിച്ചുവരുന്ന അവർ ഇതുവരെ 4,500-ലധികം പഠിതാക്കൾക്ക് കന്നഡ പഠിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്.
കുട്ടികളുടെ സർഗാത്മകതയും സാഹിത്യാഭിരുചിയും പരിപോഷിപ്പിക്കുന്നതിനായി കഴിഞ്ഞ 14 വർഷമായി പ്രസിദ്ധീകരിച്ചുവരുന്ന കന്നഡ ബാലമാസികയായ തൊദൽനുഡി (Thodalnudi) യുടെ പത്രാധിപരും മുഖ്യസംഘാടകയുമാണ് ഡോ. സുഷമ ശങ്കർ. കുട്ടികൾ എഴുതുന്ന രചനകൾക്ക് മാത്രം ഇടം നൽകുന്ന ഈ മാസിക, പുതുതലമുറയിലെ എഴുത്തുകാർക്ക് അവരുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കുന്നു. യാതൊരു പരസ്യവരുമാനവുമില്ലാതെ, വാണിജ്യ താൽപര്യങ്ങൾക്കതീതമായി കുട്ടികളുടെ സാഹിത്യവികസനം മാത്രം ലക്ഷ്യമിട്ടാണ് മാസിക മുന്നോട്ടുപോകുന്നത്.
വിദ്യാഭ്യാസ പ്രവർത്തകയും വിവർത്തകയുമായ ഡോ. സുഷമ ശങ്കർ ദ്രാവിഡ ഭാഷകൾ തമ്മിലുള്ള സാഹിത്യ-സാംസ്കാരിക വിനിമയവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച ദ്രാവിഡ ഭാഷാ വിവർത്തക അസോസിയേഷൻ്റെ(DBTA) സ്ഥാപക പ്രസിഡണ്ടുമാണ്. നിസ്വാർത്ഥവും മാതൃകാപരവുമായ കന്നഡ സേവനത്തിനുള്ള അംഗീകാരമായിരുന്നു ഈ ആദരവ്. കർണാടകത്തിൽ നിന്ന് തിരഞ്ഞെടുത്ത എട്ടുപേരിൽ ഏക മലയാളിയും മഹിളയുമാണ് കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ സുഷമ.