നഗരത്തിൽ മറ്റൊരു രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം കൂടി നിർമ്മിക്കാനുള്ള പദ്ധതിയുമായി ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ). പുതുതായി രൂപീകരിച്ച ഡോ. കെ. ശിവറാം കാരന്ത് ലേഔട്ടിൽ പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയവും കായിക സമുച്ചയവും വികസിപ്പിക്കാനാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര, വിദേശ നിക്ഷേപകരിൽനിന്ന് ബിഡിഎ താൽപര്യപത്രം ക്ഷണിച്ചു.
ബെംഗളൂരു ബിസിനസ് കോറിഡോറിന് സമീപമുള്ള ഡോ. കെ. ശിവറാം കാരന്ത് ലേഔട്ടിലെ ഏകദേശം 45.29 ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ‘ബ്രാൻഡ് ബെംഗളൂരു’ പദ്ധതിയുടെ ഭാഗമായി കായികരംഗത്തോടൊപ്പം വിനോദം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, വാണിജ്യം, പൊതുജനങ്ങൾക്കുള്ള സൗകര്യങ്ങൾ എന്നിവയും ഉൾക്കൊള്ളുന്ന സമഗ്ര കായിക കേന്ദ്രമായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.
കായികരംഗത്തെ സ്ഥാപനങ്ങൾ, അടിസ്ഥാന സൗകര്യ വികസന-നിർമാണ കമ്പനികൾ, ടൂറിസം-ഹോസ്പിറ്റാലിറ്റി സംരംഭങ്ങൾ, റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ എന്നിവർക്കാണ് പദ്ധതിയിൽ പങ്കെടുക്കാൻ അവസരം. ബന്ധപ്പെട്ട മേഖലകളിലെ പ്രവൃത്തിപരിചയവും സാമ്പത്തിക ശേഷിയും അപേക്ഷകർക്ക് ഉണ്ടായിരിക്കണം. കമ്പനിയുടെ വിവരങ്ങൾ, മുൻപ് നടപ്പാക്കിയ പദ്ധതികൾ, സാമ്പത്തിക യോഗ്യത, പദ്ധതിയുടെ ഘടന, വാണിജ്യ സാധ്യത, നിർവഹണ ഘട്ടങ്ങൾ എന്നിവ സംബന്ധിച്ച നിർദേശങ്ങളും സമർപ്പിക്കണം.
സ്വകാര്യ മേഖലയിലെ താൽപര്യം വിലയിരുത്തുന്നതിനും വ്യവസായ മേഖലയിലെ അഭിപ്രായങ്ങൾ ശേഖരിക്കുന്നതിനുമായി ഡിസംബർ ഒന്നിന് രാവിലെ 11ന് ബിഡിഎ പ്രീ-പ്രൊപ്പോസൽ യോഗം നടത്തും. പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങളും ചോദ്യങ്ങളും നവംബർ 30ന് വൈകിട്ട് അഞ്ചുവരെ സമർപ്പിക്കാം.
അതേസമയം, ഇപ്പോഴത്തെ താൽപര്യപത്ര ക്ഷണവും കൂടിയാലോചനാ നടപടികളും പ്രാഥമിക വിപണി വിലയിരുത്തലിൻ്റെ ഭാഗം മാത്രമാണെന്ന് ബിഡിഎ വ്യക്തമാക്കി. ഇത് ഔദ്യോഗിക ടെൻഡർ ക്ഷണമോ പദ്ധതി ഏതെങ്കിലും സ്ഥാപനത്തിന് നൽകുമെന്ന ഉറപ്പോ അല്ല. സർക്കാർ അനുമതിയും പദ്ധതിയുടെ പ്രായോഗികതാ പരിശോധനയും പൂർത്തിയായ ശേഷമായിരിക്കും പിപിപി പങ്കാളിയെ കണ്ടെത്തുന്നതിനുള്ള പ്രത്യേക മത്സരാധിഷ്ഠിത ബിഡ്ഡിങ് നടപടികൾ ആരംഭിക്കുക. അനേക്കലിലെ സൂര്യനഗറിൽ സമാനമായ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡോ. കെ. ശിവറാം കാരന്ത് ലേഔട്ടിലും സമാന പദ്ധതിയുമായി ബിഡിഎ മുന്നോട്ടുവന്നിരിക്കുന്നത്.