സ്ത്രീജീവിതത്തിൻ്റെ അനുഭവങ്ങളും അതിജീവനവും കുടുംബബന്ധങ്ങളും സാമൂഹിക സാഹചര്യങ്ങളും പ്രമേയമാക്കി അനൂപ് വാമനപുരത്തിൻ്റെ കഥയിലും സംവിധാനത്തിലും ഒരുങ്ങിയ മലയാള ഹ്രസ്വചിത്രം ‘നായിക’യുടെ പ്രീമിയർ ഷോ ബെംഗളൂരുവിൽ നടന്നു. നവംബർ 22ന് വൈകിട്ട് 5.30ന് വിജിനപുരം ജൂബിലി സ്കൂളിലായിരുന്നു പ്രദർശനം.

ചടങ്ങിൻ്റെ ഭാഗമായി ബെംഗളൂരുവിലെ പ്രമുഖ കലാ-സാംസ്കാരിക പ്രവർത്തകരായ പി. ഗോപകുമാർ IRS, സുധാകരൻ രാമന്തളി, ഐവാൻ നിഗിളി, പി. ദിവാകരൻ, സീന കെ.എസ്, ഡോ. എം.പി. രാജൻ, ഗോപിനാഥൻ.സി എന്നിവരെ ആദരിച്ചു. കേരള സമാജം ദൂരവാണിനഗർ പ്രസിഡണ്ട് മുരളീധരൻ നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ നിർമിച്ച ‘ഇനിയെത്ര ദൂരം’ എന്ന ഹ്രസ്വചിത്രത്തിനു ശേഷം അനൂപ് വാമനപുരം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നായിക’. ഒരു നാടക നടിയുടെ ജീവിതവും അനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. വ്യക്തിജീവിതത്തിലെ പ്രതിസന്ധികൾ, കുടുംബബന്ധങ്ങളിലെ സങ്കീർണതകൾ, സമൂഹത്തിൽ സ്ത്രീ നേരിടുന്ന വെല്ലുവിളികൾ എന്നിവയും ചിത്രത്തിൽ അവതരിപ്പിക്കുന്നു.

വ്യത്യസ്ത തലമുറകളിലെ സ്ത്രീകളുടെ ജീവിതാനുഭവങ്ങൾ, അതിജീവനത്തിനായുള്ള പോരാട്ടങ്ങൾ, ആത്മവിശ്വാസം എന്നിവയ്ക്ക് ചിത്രം പ്രാധാന്യം നൽകുന്നു. സ്ത്രീയുടെ ജീവിതത്തെ കേവലം വൈകാരികമായ കാഴ്ചപ്പാടിലൂടെ മാത്രമല്ല, സാമൂഹിക യാഥാർഥ്യങ്ങളുടെ പശ്ചാത്തലത്തിലും അവതരിപ്പിക്കുന്നതാണ് ചിത്രത്തിൻ്റെ പ്രത്യേകത. പ്രേക്ഷകരിൽ ചിന്തകളും ചർച്ചകളും ഉണർത്തുന്ന രീതിയിലാണ് സിനിമയുടെ അവതരണം.

ചിത്രത്തിൻ്റെ കഥയും സംവിധാനവും നിർവഹിച്ച അനൂപ് വാമനപുരത്തിനും സിനിമയുടെ നിർമാണത്തിലും അഭിനയത്തിലും സാങ്കേതിക പ്രവർത്തനങ്ങളിലും പങ്കാളികളായ മുഴുവൻ അംഗങ്ങൾക്കും ചടങ്ങിൽ വിശിഷ്ടാതിഥികൾ അഭിനന്ദനങ്ങൾ അറിയിച്ചു. ബെംഗളൂരുവിലെ മലയാളി കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന പ്രീമിയർ പ്രദർശനം ശ്രദ്ധേയമായി.

Related Posts