ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിൻ്റെ പ്രത്യേകതകളും ദേവസങ്കൽപ്പങ്ങളും സംഗീതത്തിലൂടെ അവതരിപ്പിക്കുന്ന ഭക്തിഗാന വീഡിയോ ആൽബമായ ‘ജാലഹള്ളി ശ്രീ അയ്യപ്പ പ്രദക്ഷിണം’ ഇന്ന് ക്ഷേത്രമതിലകത്ത് പ്രകാശനം ചെയ്യും. ഭക്തിനിർഭരമായ ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

അഭിലാഷ് കണ്ണൻ രചിച്ച ഗാനത്തിന് തൃപ്പൂണിത്തുറ വിഷ്ണുപ്രസാദ് സംഗീതം നൽകിയിരിക്കുന്ന, നവരാഗമാലികയിൽ ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചിരിക്കുന്നത് അനുഗ്രഹീത ഗായകൻ മധു ബാലകൃഷ്ണനാണ്. കലാകേന്ദ്ര ബാംഗ്ലൂരിൻ്റെ ഋതംബര ഓഡിയോ വിഷ്വൽസിനുവേണ്ടി മനോഹരൻ നാരായണനാണ് ഈ ദൃശ്യശ്രാവ്യ ആൽബം നിർമ്മിച്ചിരിക്കുന്നത്. കലാകേന്ദ്ര ഋതംമ്പരയുടെ മുൻ വർഷ അയ്യപ്പ ഗാനമായ ആനന്ദ പമ്പയ്ക്ക് കൈതപ്രം ദാമോദരൻ നമ്പുതിരി ടീം തിരഞ്ഞെടുത്ത 2026 ലെ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള അവാർഡ് നേടിയ ഇരട്ടിമധുരത്തിലാണ് സംഘാടകർ ഈ വർഷത്തെ ഗാനം ശ്രീ ജാലഹള്ളി അയ്യപ്പന് വേണ്ടി രചിക്കപെട്ടിരിക്കുന്നത്.

ക്ഷേത്രത്തിലെ പ്രധാന ദേവനായ ശ്രീ ശബരിഗിരിനാഥൻ മുതൽ ഭഗവതി, നവഗ്രഹങ്ങൾ തുടങ്ങി വിവിധ ദേവസന്നിധികളെക്കുറിച്ചുള്ള വർണനകളാണ് ഗാനത്തിൻ്റെ പ്രധാന ആകർഷണം. കാവ്യാത്മകമായ വരികളും ഹൃദ്യമായ സംഗീതവും സമന്വയിപ്പിച്ച് ക്ഷേത്രത്തിലെ ദേവസങ്കൽപ്പങ്ങളെക്കുറിച്ചുള്ള അറിവ് ലളിതമായി ഭക്തരിലേക്ക് എത്തിക്കുകയാണ് ആൽബത്തിൻ്റെ ലക്ഷ്യം. പ്രത്യേകിച്ച് ക്ഷേത്രത്തെയും അവിടുത്തെ ആരാധനാമൂർത്തികളെയും കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന യുവതലമുറയ്ക്ക് ഈ ഗാനം മികച്ചൊരു പരിചയപ്പെടുത്തലായിരിക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.

ഭക്തിയും സംഗീതവും ക്ഷേത്രചരിത്രവും ഒത്തുചേരുന്ന ‘ജാലഹള്ളി ശ്രീ അയ്യപ്പ പ്രദക്ഷിണം’ ഭക്തജനങ്ങൾക്ക് സമർപ്പിക്കുന്ന ചടങ്ങിന് സാക്ഷിയാകാൻ ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു.

Related Posts