പ്രധാനമന്ത്രി പദമേറ്റെടുത്ത ശേഷമുള്ള ആദ്യ വിദേശ സന്ദർശനത്തിനായി നേപ്പാൾ പ്രധാനമന്ത്രി ബാലൻ ഷാ ഇന്ത്യയിലെത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തിയ അദ്ദേഹത്തെ കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ സ്വീകരിച്ചു. 34 അംഗ ഔദ്യോഗിക സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

ഇന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുന്നതാണ് പ്രധാന പരിപാടി. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി ദ്രൗപദി മുർമുവുമായും ബാലൻ ഷാ കൂടിക്കാഴ്ച നടത്തും. വ്യാപാരം, ഊർജ സഹകരണം, അതിർത്തി വിഷയങ്ങൾ, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയവ മോദിയുമായുള്ള ചർച്ചയിൽ പ്രധാന വിഷയങ്ങളാകും.

നേപ്പാളിൽ ചൈനയുടെ സ്വാധീനം വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നേതൃത്വവുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇതിൻ്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബാലൻ ഷായെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. പ്രധാനമന്ത്രി പദമേറ്റെടുത്ത ശേഷമുള്ള ആദ്യ വിദേശ സന്ദർശനത്തിന് ഇന്ത്യയെ തിരഞ്ഞെടുത്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്നതായാണ് വിലയിരുത്തൽ.

കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ മിന്നൽ പ്രളയത്തിൽ തകർന്ന പ്രദേശങ്ങളുടെ പുനർനിർമാണത്തിനായി ഏകദേശം 500 കോടി ഡോളർ സമാഹരിക്കാനാണ് നേപ്പാളിന്റെ ലക്ഷ്യം. ഇതിനായി ഇന്ത്യയിൽനിന്ന് വലിയ സാമ്പത്തിക സഹായ പാക്കേജ് നേപ്പാൾ പ്രതീക്ഷിക്കുന്നുണ്ട്. പുനർനിർമാണ പ്രവർത്തനങ്ങൾക്കുള്ള സഹായവും ചർച്ചയിൽ ഇടംപിടിച്ചേക്കും.

വൈദ്യുതി സഹകരണവും ചർച്ചയാകും

നേപ്പാളിൽനിന്ന് 1,200 മെഗാവാട്ട് വൈദ്യുതി ഇറക്കുമതി ചെയ്യാൻ ഇന്ത്യ നേരത്തെ അനുമതി നൽകിയിട്ടുണ്ട്. വൈദ്യുതി വ്യാപാരം കൂടുതൽ വിപുലീകരിക്കുന്നതും ഇന്ത്യ വഴി ബംഗ്ലാദേശിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്നതും ചർച്ചയാകും. ഇരു രാജ്യങ്ങളുടെയും ഊർജ പദ്ധതികളുടെ സംയുക്ത ഉദ്ഘാടനവും പ്രധാനമന്ത്രിമാർ നിർവഹിക്കുമെന്നാണ് പ്രതീക്ഷ.

വിമാനത്താവളങ്ങൾക്ക് വ്യോമപാത വേണമെന്ന ആവശ്യവും

ചൈനയുടെ സഹായത്തോടെ നിർമിച്ച നേപ്പാളിലെ പുതിയ വിമാനത്താവളങ്ങളിലേക്ക് പടിഞ്ഞാറൻ മേഖലയിൽനിന്ന് വലിയ വിമാനങ്ങൾ എത്തുന്നതിനായി ഇന്ത്യൻ വ്യോമാതിർത്തിയിൽ കൂടുതൽ പ്രവേശന പാതകൾ അനുവദിക്കണമെന്ന് നേപ്പാൾ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. വിമാനത്താവളങ്ങളുടെ വാണിജ്യപ്രവർത്തനത്തിന് ഇത് അനിവാര്യമാണെന്നാണ് നേപ്പാളിന്റെ നിലപാട്. എന്നാൽ ഈ വിമാനത്താവളങ്ങളുടെ കാര്യത്തിൽ ഇന്ത്യയ്ക്ക് സുരക്ഷാ-തന്ത്രപ്രധാനമായ ആശങ്കകളുണ്ട്.

വ്യാപാരവും ഊർജവും അടിസ്ഥാനസൗകര്യ വികസനവും ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനുള്ള അവസരമായാണ് ബാലൻ ഷായുടെ സന്ദർശനം വിലയിരുത്തപ്പെടുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനുശേഷം നാളെ വൈകിട്ട് അദ്ദേഹം നേപ്പാളിലേക്ക് മടങ്ങും.

Related Posts