റെയിൽവേ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾക്കായി മാറ്റിയിട്ടിരുന്ന ട്രെയിൻ കോച്ചിനുള്ളിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ 31കാരനായ അയ്യപ്പനെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് ദിവസത്തോളം ആരുടെയും ശ്രദ്ധയിൽപ്പെടാതെ കിടന്ന മൃതദേഹം പിന്നീട് കോച്ചിനുള്ളിൽനിന്ന് കണ്ടെത്തുകയായിരുന്നു.
യാർഡ് നമ്പർ 13ൽ നിർത്തിയിട്ടിരുന്ന 16366-ാം നമ്പർ ട്രെയിനിൻ്റെ പിൻഭാഗത്തുള്ള ഭിന്നശേഷിക്കാർക്കായുള്ള കോച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. കോച്ചിലെ സീറ്റിനടിയിൽ അഴുകിയ നിലയിലായിരുന്നു ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
നവംബർ 14ന് പുലർച്ചെ 12.30ഓടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നാഗർകോവിൽ ഈസ്റ്റ് വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പരാതിയിൽ റെയിൽവേ പൊലീസ് ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്തു. എന്നാൽ പോസ്റ്റ്മോർട്ടം പരിശോധനയിൽ ബലാത്സംഗത്തിനും കൊലപാതകത്തിനും തെളിവുകൾ ലഭിച്ചതോടെ കേസ് കൊലപാതകമായി മാറ്റി.
റെയിൽവേ പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. നവംബർ 14ന് രാവിലെ എട്ടുമണിയോടെ നാലും അഞ്ചും പ്ലാറ്റ്ഫോമുകൾക്ക് സമീപം നിർത്തിയിട്ടിരുന്ന കോച്ചിൽനിന്ന് വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാൾ ഇറങ്ങിപ്പോകുന്നത് ദൃശ്യങ്ങളിൽ കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അയ്യപ്പനെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ സ്ത്രീയുടെ വ്യക്തിത്വം കണ്ടെത്തുന്നതിനും കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി പൊലീസ് അന്വേഷണം തുടരുകയാണ്.