ശബരിമലയിൽ മണ്ഡലകാലത്ത് വിർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്യുന്നവരിൽ പകുതിയോളം പേർ മാത്രമാണ് സന്നിധാനത്ത് എത്തുന്നതെന്ന് റിപ്പോർട്ട്. പ്രതിദിനം 80,000 പേർക്ക് ദർശനത്തിന് അനുമതിയുള്ളപ്പോൾ ഇന്നലെ എത്തിയത് 37,000 പേർ മാത്രം. ബുക്കിങ് നടത്തിയിട്ടും തീർത്ഥാടകർ എത്താത്തതിൻ്റെ കാരണം പരിശോധിക്കാൻ ദേവസ്വം ബോർഡ് ഇന്റലിജൻസ് വിഭാഗത്തിന് നിർദേശം നൽകി.
പ്രതിദിനം വിർച്വൽ ക്യൂ വഴി 66,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 14,000 പേർക്കുമാണ് ദർശനത്തിന് അനുമതിയുള്ളത്. മണ്ഡല-മകരവിളക്ക് തീർത്ഥാടനം ആരംഭിച്ചതിന് പിന്നാലെ തന്നെ വിർച്വൽ ക്യൂ ബുക്കിങ് പൂർണമായി. നിലവിൽ ഡിസംബർ 25 വരെ ബുക്കിങ് ഒഴിവില്ലാത്ത സാഹചര്യമാണ്. എന്നാൽ ബുക്ക് ചെയ്തവരിൽ പകുതിയോളം പേർ മാത്രമാണ് ഓരോ ദിവസവും ദർശനത്തിനെത്തുന്നത്.
സീസണിൻ്റെ ആദ്യ ദിവസങ്ങളിൽ തീർത്ഥാടകരുടെ തിരക്ക് കുറയാറുണ്ടെന്നും ബുക്ക് ചെയ്ത എല്ലാവരും ദർശനത്തിനെത്തണമെന്നില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. എങ്കിലും വലിയ തോതിൽ ബുക്കിങ് നടക്കുകയും അതിനനുസരിച്ച് തീർത്ഥാടകർ എത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യം വിശദമായി പരിശോധിക്കാനാണ് ദേവസ്വം ബോർഡ് തീരുമാനം.
വിർച്വൽ ക്യൂ ബുക്കിങ് ലഭിക്കാതെ ശബരിമലയിലെത്തുന്നവർക്കും സ്പോട്ട് ബുക്കിങ് വഴി ദർശനം നടത്താം. വിർച്വൽ ക്യൂ പൂർണമായതിനാൽ സ്പോട്ട് ബുക്കിങ്ങിൻ്റെ എണ്ണം വർധിപ്പിക്കുന്നതും ബോർഡിൻ്റെ പരിഗണനയിലുണ്ട്.
ടൂർ, ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ ബുക്കിങ് നടത്തിയതാണോ എന്ന സംശയം ഉയരുന്നുണ്ടെങ്കിലും ഇതിന് അടിസ്ഥാനമില്ലെന്നാണ് പൊലീസ് നിലപാട്. ആധാർ വിവരങ്ങൾ ഉപയോഗിച്ചാണ് ബുക്കിങ് നടത്തുന്നതെന്നതിനാൽ ഇത്തരം കൂട്ടബുക്കിങ്ങിനുള്ള സാധ്യത കുറവാണെന്നും പൊലീസ് വ്യക്തമാക്കുന്നു. ബുക്കിങ് ഏജന്റുമാരുടെ ഇടപെടലാണ് ഇതിന് പിന്നിലെന്ന വാദം ശബരിമല സ്പെഷ്യൽ ഓഫീസറും തള്ളിയിട്ടുണ്ട്.
അതേസമയം, നിയമസഭാ പരിസ്ഥിതി സമിതിയിലെ എംഎൽഎമാരുടെ ശബരിമല സന്ദർശനം തുടരുകയാണ്. സജീവ് ജോസഫിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം നിലവിലെ ക്രമീകരണങ്ങളിൽ തൃപ്തി രേഖപ്പെടുത്തി. എന്നാൽ എരുമേലി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ചില ക്രമീകരണങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി. ശബരിമല മാസ്റ്റർപ്ലാൻ നടപ്പാക്കുന്നതിലെ കാലതാമസം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സംഘം അറിയിച്ചു.