മോഷ്ടാക്കളെ പേടിച്ച് ഭാര്യ ഷൂസിനുള്ളിൽ ഒളിപ്പിച്ച സ്വർണം അറിയാതെ ഭർത്താവ് ഹരിതകർമ സേനയ്ക്ക് കൈമാറി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സ്വർണം കണ്ടെത്തി ഉടമയ്ക്ക് തിരിച്ചുനൽകി ഹരിതകർമ സേനാംഗങ്ങൾ. പട്ടാമ്പി ഹാർമണി സ്ട്രീറ്റിൽ താമസിക്കുന്ന അധ്യാപക ദമ്പതികളായ ജോണിൻ്റെയും ബീനയുടെയും വീട്ടിലാണ് കൗതുകകരമായ സംഭവം.
ഇരുവരും ജോലിക്ക് പോകുന്നതിനാൽ വീട്ടിലെ സ്വർണം സുരക്ഷിതമായി സൂക്ഷിക്കാനാണ് ബീന ഭർത്താവിൻ്റെ പഴയ ഷൂസിനുള്ളിൽ ഒളിപ്പിച്ചത്. എന്നാൽ ഇക്കാര്യം ജോൺ അറിഞ്ഞിരുന്നില്ല. ഇതിനിടെ വീട്ടിലെത്തിയ ഹരിതകർമ സേനാംഗങ്ങൾക്ക് ജോൺ പഴയ ഷൂസ് കൈമാറി.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ബീന ഷൂസ് കാണാതായതോടെയാണ് സ്വർണം നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. തുടർന്ന് സ്വർണം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ഷൂസ് ഹരിതകർമ സേനയ്ക്ക് കൈമാറിയ വിവരം അറിഞ്ഞതോടെ തിരച്ചിൽ അവിടേക്ക് നീണ്ടു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഹരിതകർമ സേനാംഗങ്ങൾ ഉപേക്ഷിച്ച വസ്തുക്കൾക്കിടയിൽ നിന്ന് സ്വർണം കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്വർണം സുരക്ഷിതമായി ഉടമയ്ക്ക് തിരിച്ചുനൽകി.
ഭാര്യയുടെ രഹസ്യസൂക്ഷിപ്പിനെക്കുറിച്ച് അറിയാതെ പഴയ ഷൂസ് കൈമാറിയ ഭർത്താവിൻ്റെ പ്രവൃത്തി ഒടുവിൽ കൗതുകകരമായ സംഭവമായി മാറി. സത്യസന്ധതയോടെ തിരച്ചിൽ നടത്തി സ്വർണം തിരിച്ചേൽപ്പിച്ച ഹരിതകർമ സേനാംഗങ്ങൾക്ക് അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്.