യെല്ലോ ലൈൻ മെട്രോയിൽ യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനായി ഒരു ട്രെയിൻ കൂടി സർവീസിൽ ഉൾപ്പെടുത്താൻ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (BMRCL) തീരുമാനം. നാളെ (നവംബർ 16) മുതൽ പുതിയ ട്രെയിൻ കൂടി സർവീസ് നടത്തും. ഇതോടെ യെല്ലോ ലൈനിൽ പ്രതിദിനം സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം 13 ആയി ഉയരും.

യാത്രക്കാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ട്രെയിനുകളുടെ ഇടവേള കുറയ്ക്കുകയാണ് അധികൃതരുടെ ലക്ഷ്യം. നിലവിൽ പ്രവൃത്തിദിവസങ്ങളിൽ തിരക്കേറിയ സമയങ്ങളിൽ ആറു മിനിറ്റ് ഇടവേളയിലാണ് ട്രെയിനുകൾ സർവീസ് നടത്തുന്നത്. പുതിയ ട്രെയിൻ കൂടി എത്തുന്നതോടെ ഇത് 5.5 മിനിറ്റായി കുറയും. അതായത് രാവിലെ ഓഫീസുകളിലേക്കും വൈകുന്നേരം തിരിച്ചുമുള്ള യാത്രകളിൽ മെട്രോയ്ക്കായി കാത്തുനിൽക്കേണ്ട സമയം കുറയും.

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ പുതുക്കിയ സമയക്രമമായിരിക്കും നിലവിൽ വരിക.
തിരക്കേറിയ സമയങ്ങളിൽ: 5.5 മിനിറ്റ് ഇടവേള, തിരക്കില്ലാത്ത സമയങ്ങളിൽ: 10 മിനിറ്റ് ഇടവേള, ശനി, ഞായർ ദിവസങ്ങളിൽ 10 മിനിറ്റ് ഇടവേളയിലാണ് ട്രെയിനുകൾ ഓടുക.

ആർ.വി. റോഡ്, ബൊമ്മസന്ദ്ര എന്നീ ടെർമിനൽ സ്റ്റേഷനുകളിൽ നിന്നുള്ള ആദ്യത്തെയും അവസാനത്തെയും ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ടാകില്ലെന്ന് ബിഎംആർസിഎൽ അറിയിച്ചു.

ആർ.വി. റോഡ് മുതൽ ബൊമ്മസന്ദ്ര വരെ 19.15 കിലോമീറ്റർ ദൈർഘ്യത്തിലാണ് യെല്ലോ ലൈൻ പ്രവർത്തിക്കുന്നത്. ജയദേവ ആശുപത്രി, ബി.ടി.എം ലേഔട്ട്, സെൻട്രൽ സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹൊസൂർ റോഡ്, ഇലക്ട്രോണിക് സിറ്റി, ബൊമ്മസന്ദ്ര തുടങ്ങിയ പ്രധാന മേഖലകളിലൂടെയാണ് പാത കടന്നുപോകുന്നത്.

പ്രത്യേകിച്ച് ഇലക്ട്രോണിക് സിറ്റിയിലെ ഐടി കമ്പനികളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാർക്ക് യെല്ലോ ലൈൻ വലിയ യാത്രാസൗകര്യമാണ് ഒരുക്കുന്നത്. സിൽക്ക് ബോർഡ് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും മെട്രോ സഹായിക്കുന്നു.

പുതിയ ട്രെയിൻ ഉൾപ്പെടുത്തുന്നതോടെ തിരക്കുള്ള സമയങ്ങളിൽ പ്ലാറ്റ്ഫോമുകളിലെ കാത്തിരിപ്പ് കുറയുകയും ട്രെയിനുകളിലെ തിരക്ക് നിയന്ത്രിക്കാൻ സാധിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. നഗരത്തിലെ പ്രധാന ഐടി ഇടനാഴിയായ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള യാത്രക്കാർക്ക് തീരുമാനം ഏറെ പ്രയോജനപ്പെടും.

Related Posts