ലോകപ്രശസ്തമായ ഹോൺബിൽ ഫെസ്റ്റിൻ്റെ ഭാഗമായി നവംബർ 6ന് ന്യൂഡൽഹിയിലെ താൽക്കട്ടോറ സ്റ്റേഡിയത്തിൽ നടന്ന സംഗീതമത്സരത്തിൽ മലയാളി യുവാവിന് അപൂർവ നേട്ടം. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 221 ഹെവി മെറ്റൽ, ഹാർഡ് റോക്ക് ബാൻഡുകളെ പിന്തള്ളിയാണ് ബെംഗളൂരു മലയാളിയായ അലൻ തോമസ് സുനീഷ് ‘Best Vocalist in India’ പുരസ്കാരത്തിന് അർഹനായത്.
ബെംഗളൂരുവിൽ താമസിക്കുന്ന സുനീഷ്–ദീപ ദമ്പതികളുടെ മൂത്ത മകനാണ് അലൻ. അലൻ അംഗമായ ‘സ്റ്റീൽ ഫാൽക്കൺ’ ബാൻഡ് മത്സരത്തിൽ രണ്ടാം സ്ഥാനവും സ്വന്തമാക്കി. ആറ് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസിനൊപ്പം വ്യക്തിഗത പ്രകടനത്തിനുള്ള പ്രത്യേക പുരസ്കാരവും അലന് ലഭിച്ചു.
ഇന്ത്യൻ സംഗീതപ്രതിഭകൾ മാറ്റുരച്ച വേദിയിൽ ശ്രദ്ധേയമായ പ്രകടനത്തിലൂടെയാണ് അലൻ ഈ നേട്ടം കൈവരിച്ചത്. Ministry of Tourism, Incredible India, Casio, Indigo തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളാണ് പരിപാടിയുടെ സ്പോൺസർമാർ.
അലൻ്റെയും സംഘത്തിൻ്റെയും നേട്ടത്തിന് പിന്നാലെ മറ്റൊരു വലിയ അവസരവും കാത്തിരിക്കുന്നു. ഡിസംബർ 1 മുതൽ 10 വരെ നാഗാലാൻഡിൽ നടക്കുന്ന ഹോൺബിൽ ഫെസ്റ്റിവലിൽ ‘സ്റ്റീൽ ഫാൽക്കൺ’ ബാൻഡ് തങ്ങളുടെ സംഗീതപ്രകടനം അവതരിപ്പിക്കും. ഇന്ത്യൻ പ്രസിഡണ്ട് ദ്രൗപദി മുർമുവാണ് ഫെസ്റ്റിവലിൻ്റെ ഉദ്ഘാടന ചടങ്ങ് നിർവഹിക്കുന്നത്.
ദേശീയതലത്തിൽ മലയാളി യുവാവിൻ്റെ സംഗീതമികവ് അംഗീകരിക്കപ്പെട്ടതോടെ ബെംഗളൂരുവിലെ മലയാളി സമൂഹത്തിനും അഭിമാനനേട്ടമായി മാറിയിരിക്കുകയാണ് അലൻ്റെ വിജയം.