മുംബൈ ഭീകരാക്രമണത്തിലെ ഗൂഢാലോചനയിൽ പങ്കുള്ള പാക് വംശജനായ പ്രതി തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു. റാണയെ പ്രത്യേക വിമാനത്തിലാണ് വ്യോമസേന വിമാനത്താവളത്തിൽ എത്തിച്ചത്. ഉടൻ റാണയെ എൻ ഐ എ ആസ്ഥാനത്തെത്തിക്കും. റാണയെ കൊണ്ടുവരുന്നതോടനുബന്ധിച്ച് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കോടതിയിൽ നേരിട്ടെത്തിക്കുന്നതിന് സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ ഓൺലൈൻ വഴിയാകും കോടതിയിൽ ഹാജരാക്കുക.

റാണയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് പാക് വിദേശകാര്യ വക്താവ് ഒഴിഞ്ഞുമാറി. റാണ കനേഡിയൻ പൗരനാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എൻ ഐ എ ഡയറക്ടർ ജനറൽ അടക്കം പന്ത്രണ്ട് ഉദ്യോഗസ്ഥരാണ് ഇയാളെ ചോദ്യം ചെയ്യുക. 166 പേരുടെ മരണത്തിൽ കലാശിച്ച 2008 നവംബർ 26-ന് മുബൈയ് ഭീകരാക്രമണത്തിന് പ്രധാന ആസൂത്രകനായ പാകിസ്ഥാൻ-അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ കൂട്ടാളിയാണ് തഹാവൂർ റാണ (64). പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ജനിച്ചത്. പാക് ആർമി മെഡിക്കൽ കോറിൽ പ്രവർത്തിച്ചു.

1997 മുതൽ ബിസിനസുമായി ബന്ധപ്പെട്ട് കാനഡയിലാണ്. ഹെഡ്ലിയുമായുള്ള പരിചയം ഭീകര സംഘടനയായ ലഷ്‌കർ-ഇ-തയ്ബയിലേക്കും പാക് ചാരസംഘടനയായ ഐ എസ് ഐയിലേക്കും അടുപ്പിച്ചു. എൻ ഐ എ കുറ്റപത്രം പ്രകാരം ഹെഡ്‌ലി, റാണ, ലഷ്‌കർ ഇ തയ്‌ബ സ്ഥാപകൻ സാക്കിയുർ റഹ്‌മാൻ തുടങ്ങിയവർ ചേർന്നാണ് മുംബയ് ഭീകരാക്രമണം ആസൂത്രണം ചെയ്തത്.

Related Posts