31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ വിവിധ വിഭാഗങ്ങളിലേക്കുള്ള ചിത്രങ്ങൾ തിരഞ്ഞെടുത്തു. രാജ്യാന്തര മത്സരവിഭാഗത്തിൽ 14 ചിത്രങ്ങളും മലയാളം സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ ഏഴ് ചിത്രങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ‘എക്കോ’, ശ്രുതി ശരണ്യം ഒരുക്കിയ ‘ഒറ്റഞാവൽമരം’ എന്നിവയാണ് മലയാളം സിനിമ ടുഡേ വിഭാഗത്തിൽ ഇടം നേടിയ പ്രധാന ചിത്രങ്ങൾ.

അടൂർ ഗോപാലകൃഷ്ണൻ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ‘പദയാത്ര’, ലിയോ തദേവൂസിൻ്റെ ‘ചെവിട്ടോർമ’ എന്നിവയും രാജ്യാന്തര മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കലാമികവും വ്യത്യസ്തമായ ആവിഷ്കാരശൈലിയും പുലർത്തുന്ന മലയാള സിനിമകൾക്ക് രാജ്യാന്തര തലത്തിൽ കൂടുതൽ പ്രേക്ഷകശ്രദ്ധയും അംഗീകാരവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഇത്തവണ പുതിയൊരു വിഭാഗവും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘മലയാള സിനിമ ക്രിട്ടിക്സ് ഡിസ്കവറി’ എന്ന പേരിലാണ് പുതിയ വിഭാഗം അവതരിപ്പിക്കുന്നത്.

മലയാളത്തിലെ ശ്രദ്ധേയവും കലാപരമായ മികവ് പുലർത്തുന്നതുമായ സിനിമകളെ രാജ്യാന്തര ചലച്ചിത്രമേഖലയിലെ പ്രമുഖർക്കും നിരൂപകർക്കും പരിചയപ്പെടുത്തുകയാണ് ഈ വിഭാഗത്തിൻ്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ മലയാള സിനിമകൾക്ക് കൂടുതൽ ആഗോള പ്രേക്ഷകശ്രദ്ധയും രാജ്യാന്തര ചലച്ചിത്രമേളകളിൽ മികച്ച പ്രാതിനിധ്യവും ലഭിക്കുമെന്നാണ് പ്രതീക്ഷ.

Related Posts