അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് കിരീടത്തിനായി ഏറ്റുമുട്ടും. നിലവിലെ ചാംപ്യൻമാരായ പാക്കിസ്ഥാനെ പരാജയപ്പെടുത്തി കിരീടം തിരിച്ചുപിടിക്കുകയാണ് എട്ടു തവണ ജേതാക്കളായ ഇന്ത്യയുടെ ലക്ഷ്യം.

മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗിൻ്റെ മകൻ ആര്യവീർ സേവാഗിൻ്റെയും പേസ് ബൗളർ ഇഷാൻ സൂദിൻ്റെയും മികച്ച ഫോമിലാണ് ഇന്ത്യൻ ടീമിൻ്റെ പ്രതീക്ഷ. ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനിക്കൊപ്പം മുൻ ഇന്ത്യൻ നായകനും പരിശീലകനുമായ രാഹുൽ ദ്രാവിഡിൻ്റെ മകൻ അൻവയ് ദ്രാവിഡും ബാറ്റിങ്ങിൽ തിളങ്ങിയാൽ ഇന്ത്യയ്ക്ക് കൂടുതൽ കരുത്താകും.

നാലു മത്സരങ്ങളിൽനിന്ന് 11 വിക്കറ്റുകൾ നേടിയ ഇഷാൻ സൂദാണ് ഇന്ത്യൻ ബൗളിങ് നിരയുടെ പ്രധാന കരുത്ത്. അതേസമയം, ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയെ മൂന്ന് വിക്കറ്റിന് തോൽപിച്ച ആത്മവിശ്വാസവുമായാണ് പാക്കിസ്ഥാൻ ഫൈനലിനിറങ്ങുന്നത്.

ഇന്ന് രാവിലെ 10.30ന് ആരംഭിക്കുന്ന മത്സരം സോണി ടെൻ ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം കാണാം. ആവേശകരമായ ഫൈനലിൽ ആര് കിരീടം ഉയർത്തുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

Related Posts