സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കോളജ് വിദ്യാർഥിനി വാഹനാപകടത്തിൽ മരിച്ചു. വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളജ് ഓഫ് ആർട്സ് ആൻഡ് അപ്ലൈഡ് സയൻസസിലെ ഒന്നാം വർഷ സോഷ്യോളജി വിദ്യാർഥിനി വൈക്കം പാറയ്ക്കൽ ആനിക്കാട് റോയിയുടെ മകൾ റിയ റോയ് (18) ആണ് മരിച്ചത്. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന രായമംഗലം പ്ലാപ്പറമ്പിൽ അലൻ ജോർജ് റോയി (18)യ്ക്ക് പരുക്കേറ്റു. ഇയാളെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരുമ്പാവൂർ കുറുപ്പംപടി–കുറിച്ചിലക്കോട് റോഡിൽ കുറുപ്പംപടി ടൗണിന് സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. കോടനാട് ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്കും അതേ ദിശയിൽ സഞ്ചരിച്ച ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. മുന്നിൽ പോയിരുന്ന ഓട്ടോറിക്ഷ വലതുവശത്തുള്ള ഇടറോഡിലേക്ക് തിരിയുന്നതിനിടെ പിന്നാലെയെത്തിയ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണ് തലയിടിച്ചു. ഗുരുതരമായി പരുക്കേറ്റ റിയയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോളജിൽ മികച്ച ഗായികയായി അറിയപ്പെട്ടിരുന്ന റിയയുടെ അപ്രതീക്ഷിത വിയോഗം സഹപാഠികളെയും അധ്യാപകരെയും ദുഃഖത്തിലാഴ്ത്തി. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.