സംസ്ഥാനത്ത് നിലവിൽ ബസ് ചാർജ് വർധിപ്പിക്കില്ലെന്ന് മന്ത്രി സി.പി.ജോൺ. നിരക്ക് വർധിപ്പിക്കണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. വിദ്യാർഥികളുടെ കൺസെഷൻ നിരക്കും വർധിപ്പിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, ബസ് ഉടമകൾ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബസ് ഉടമകൾക്കിടയിൽ തന്നെ നിരക്ക് വർധനയോട് എതിർപ്പുള്ളവരുണ്ടെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ചാർജ് വർധിപ്പിച്ചാൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നാണ് ഒരു വിഭാഗം ഉടമകളുടെ ആശങ്ക. നിരക്ക് കൂടുന്നതോടെ കൂടുതൽ ആളുകൾ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് നേരത്തെ 30,000 ബസുകൾ സർവീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ എണ്ണം 8,000 ആയി കുറഞ്ഞിട്ടുണ്ട്. അതേസമയം, ഓട്ടോ, ടാക്സി നിരക്കുകൾ വർധിപ്പിക്കണമെന്നാണ് സർക്കാരിൻ്റെ നിലപാട്. ഇവയുടെ നിരക്ക് അവസാനമായി പുതുക്കി നിശ്ചയിച്ചത് 2022-ലാണെന്നും മന്ത്രി വ്യക്തമാക്കി.