ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ ജയബാലകൃഷ്ണൻ മരിച്ച കേസിൽ പ്രതിയായ 17കാരൻ്റെ മൊഴി അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തി. ഇന്നലെയാണ് പിതാവിൻ്റെ സാന്നിധ്യമില്ലാതെ മൊഴിയെടുത്തത്. ഇതിനായി പൊലീസ് കോടതിയുടെ അനുമതി നേടിയിരുന്നു.
സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിൻ്റെ ഭാഗമായാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. നേരത്തെയും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17കാരൻ മൊഴി നൽകിയതായാണ് വിവരം. കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്നും ബൈക്കിൽ സ്കൂളിൽ പോയിട്ടുണ്ടെന്നും കുട്ടി സമ്മതിച്ചതായാണ് റിപ്പോർട്ട്. എന്നാൽ വാഹനമോടിക്കുന്ന കാര്യം പിതാവ് അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹത്തിൻ്റെ അറിവില്ലാതെയാണ് വാഹനങ്ങൾ ഉപയോഗിച്ചതെന്നുമാണ് മൊഴി.
പ്രതിയുടെ സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും.
കഴിഞ്ഞ ഒക്ടോബർ 25ന് ഞായറാഴ്ച പുലർച്ചെ 2.20ഓടെയാണ് ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ മരപ്പറമ്പിലെ ഫോർഡ് ഷോറൂമിന് സമീപം അപകടമുണ്ടായത്. 17കാരൻ ഓടിച്ച ബെൻസ് കാർ സ്കൂട്ടറിലിടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ചു.
മഴയുള്ള സമയത്ത് മണിക്കൂറിൽ 108 കിലോമീറ്ററിലധികം വേഗത്തിലാണ് 17കാരൻ കാർ ഓടിച്ചിരുന്നതെന്ന് ആരോപണമുണ്ട്. ഒരു കൈകൊണ്ട് സ്റ്റിയറിങ് നിയന്ത്രിക്കുകയും മറുകൈകൊണ്ട് മൊബൈൽ ഫോണിൽ സ്പീഡോമീറ്ററിൻ്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്താണ് വാഹനം ഓടിച്ചതെന്ന് മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ അന്വേഷണത്തിൻ്റെയും കോടതിയുടെയും പരിഗണനയിലുള്ള വിഷയങ്ങളാണ്.