കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധത്തെത്തുടർന്നുള്ള സസ്പെൻഷൻ നടപടിയെ ന്യായീകരിച്ച് സർവകലാശാല ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പ്രതിഷേധത്തിനിടെ അച്ചടക്കലംഘനം നടത്തിയ വിദ്യാർഥികൾ മാപ്പെഴുതി നൽകണമെന്ന നിലപാട് സർവകലാശാല കോടതിയിൽ ആവർത്തിച്ചു.

പെരുമാറ്റദൂഷ്യവും ഗുരുതരമായ അച്ചടക്കലംഘനവുമാണ് 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാൻ കാരണമെന്ന് സർവകലാശാല വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ആഭ്യന്തര അന്വേഷണ സമിതി 16 വിദ്യാർഥികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയതായും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

പ്രതിഷേധത്തിനിടെ വിദ്യാർഥികൾ വൈസ് ചാൻസലറെ തടഞ്ഞുവെച്ച് ആക്രമിക്കുകയും സർവകലാശാല സിൻഡിക്കേറ്റ് യോഗം തടസ്സപ്പെടുത്തുകയും ചെയ്തെന്നാണ് സർവകലാശാലയുടെ ആരോപണം. ക്യാമ്പസിലെ അച്ചടക്കവും സമാധാനപരമായ അക്കാദമിക് അന്തരീക്ഷവും ഉറപ്പാക്കുന്നതിനാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചതെന്നും സർവകലാശാല കോടതിയെ അറിയിച്ചു.

വിദ്യാർഥികളോടുള്ള വ്യക്തിവൈരാഗ്യത്തിൻ്റെ പേരിലല്ല നടപടിയെന്നും സർവകലാശാല വ്യക്തമാക്കി. വിദ്യാർഥികൾ സ്വയം സൃഷ്ടിച്ച പ്രശ്നങ്ങൾ കാരണമാണ് ഹാജർ നഷ്ടപ്പെടുകയും പരീക്ഷ എഴുതാനുള്ള അവസരം ഇല്ലാതാകുകയും ചെയ്തതെന്നാണ് സർവകലാശാലയുടെ വാദം.

സർവകലാശാലയിലെ അക്കാദമിക് അന്തരീക്ഷം ഇത്തരത്തിൽ മുന്നോട്ടുപോകണമോയെന്ന് ഹൈക്കോടതി തന്നെ തീരുമാനിക്കട്ടെയെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർഥികളുടെ സസ്പെൻഷൻ നടപടിയും അതിനെതിരായ പ്രതിഷേധവും സംബന്ധിച്ച തർക്കത്തിൽ ഹൈക്കോടതിയുടെ തുടർനടപടികൾ നിർണായകമാകും.

Related Posts