നേപ്പാളിലെ ബാഗ്മതി പ്രവിശ്യയിൽ യാത്രാ വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ 5.45ഓടെ മക്വാൻപൂർ ജില്ലയിലെ പർവത മേഖലയിലാണ് അപകടം.
കാഠ്മണ്ഡുവിൽനിന്ന് സർലാഹിയിലേക്ക് 15 യാത്രക്കാരുമായി പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം ഏകദേശം 500 മീറ്റർ താഴ്ചയുള്ള കുത്തനെയുള്ള ചെരിവിലേക്ക് മറിഞ്ഞ് തകർന്നുവീഴുകയായിരുന്നു.
മരിച്ചവരിൽ മൂന്ന് സ്ത്രീകളും രണ്ട് പെൺകുട്ടികളും അഞ്ച് പുരുഷന്മാരും ഉൾപ്പെടുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെയും ഹെതൗഡ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്.
അപകടവിവരം അറിഞ്ഞ് രക്ഷാപ്രവർത്തകരും പോലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‘ദി കാഠ്മണ്ഡു പോസ്റ്റ്’ ആണ് സംഭവം റിപ്പോർട്ട് ചെയ്തത്.