നിതേഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘രാമായണം’ ആഗോള ബോക്സ് ഓഫീസിൽ വൻ നേട്ടം സ്വന്തമാക്കി. ഇതുവരെ 934.55 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ നേടിയതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബജറ്റിലുള്ള ചിത്രങ്ങളിലൊന്നായ രാമായണം പ്രേക്ഷകശ്രദ്ധ നേടിക്കൊണ്ട് മുന്നേറുകയാണ്.
രൺബീർ കപൂർ ശ്രീരാമനായും യഷ് രാവണനായും എത്തുന്ന ചിത്രത്തിൽ സായ് പല്ലവിയാണ് സീതയുടെ വേഷം അവതരിപ്പിക്കുന്നത്. മലയാളികളുടെ പ്രിയതാരം ശോഭന കൈകേയിയായും പണ്ട് ടെലിവിഷൻ പരമ്പരയിൽ രാമനായി ശ്രദ്ധ നേടിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായും എത്തുന്നു. ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്രനായി അജിങ്ക്യ ദേവും ഇന്ദ്രനായി കുനാൽ കപൂറും ശൂർപ്പണഖയായി രാകുൽ പ്രീത് സിങ്ങും വേഷമിടുന്നു.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, യഷിൻ്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ്, എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ വിഷ്വൽ എഫക്റ്റ്സ് സ്ഥാപനമായ ഡി.എൻ.ഇ.ജി. എന്നിവ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. സോണി പിക്ചേഴ്സാണ് അന്താരാഷ്ട്ര വിതരണത്തിൻ്റെ ചുമതല വഹിക്കുന്നത്. ഉത്തരേന്ത്യയിൽ ധർമ പ്രൊഡക്ഷൻസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
ഓസ്കർ ജേതാക്കളായ സംഗീതസംവിധായകരായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒരുമിക്കുന്നു എന്നതും ചിത്രത്തിൻ്റെ പ്രത്യേകതയാണ്. ശ്രീധർ രാഘവനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ദൃശ്യവിസ്മയങ്ങൾക്ക് പിന്നിൽ ഡി.എൻ.ഇ.ജിയുടെ സാങ്കേതിക മികവാണ്.
‘ദംഗൽ’ എന്ന ചിത്രത്തിലൂടെ ആഗോളതലത്തിൽ ശ്രദ്ധ നേടിയ സംവിധായകൻ നിതേഷ് തിവാരി ഇന്ത്യൻ ഇതിഹാസത്തെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകപ്രേക്ഷകരിലേക്ക് എത്തിക്കുകയാണ്. ഇന്ത്യൻ സംസ്കാരത്തിലും പാരമ്പര്യത്തിലും ആഴത്തിൽ വേരൂന്നിയ രാമായണകഥയെ അതിന്റെ മഹത്വവും അന്തസ്സും നിലനിർത്തി ആഗോളതലത്തിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് നിർമാതാവ് നമിത് മൽഹോത്ര വ്യക്തമാക്കിയിട്ടുണ്ട്.
രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമാ പരമ്പരയിലെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചലച്ചിത്ര പദ്ധതികളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.