കർണാടകയിൽ താമസിക്കുന്ന കന്നഡേതര ഭാഷക്കാർക്ക് കന്നഡ ഭാഷ പഠിക്കാനും നാടിൻ്റെ സമ്പന്നമായ സംസ്കാരത്തോടും ജനങ്ങളോടും കൂടുതൽ അടുക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ വൈറ്റ്ഫീൽഡിലെ ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്റ്റ് (SS TUITIONS) മൂന്ന് മാസത്തെ സൗജന്യ കന്നഡ പഠന പരിപാടി ആരംഭിക്കുന്നു.
2026 നവംബർ 22 ഞായറാഴ്ച രാവിലെ 10 മണിക്ക് വൈറ്റ്ഫീൽഡിലെ എസ്.എസ്. ട്യൂഷൻസിൽ പുതിയ ബാച്ചിന് തുടക്കമാകും. മാസത്തിൽ രണ്ട് ഓഫ്ലൈൻ ക്ലാസുകൾ വീതം രണ്ട് മണിക്കൂർ ദൈർഘ്യത്തിലും ആഴ്ചയിൽ രണ്ട് ഓൺലൈൻ ക്ലാസുകൾ രാത്രി 8 മുതൽ 9 മണി വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. മുൻ ബാച്ചുകളിൽ പഠനം പാതിവഴിയിൽ നിർത്തേണ്ടിവന്നവർക്കും വീണ്ടും ക്ലാസുകളിൽ ചേരാവുന്നതാണ്.
കർണാടക സർക്കാരിൻ്റെ കന്നഡ വികസന അതോറിറ്റിയുടെ പരിശീലനം നേടിയ ഡോ. സുഷമ ശങ്കർ, പ്രൊഫ. രാകേഷ് വി.എസ്, റെബിൻ രവീന്ദ്രൻ എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്. കന്നഡ ഭാഷാ പഠനരംഗത്ത് 18 വർഷത്തിലേറെയായി സജീവമായി പ്രവർത്തിക്കുന്ന ഈ സംരംഭത്തിലൂടെ ഇതുവരെ ഏകദേശം 4,500 കന്നഡേതര ഭാഷക്കാർക്ക് കന്നഡ പഠിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.
‘ഒഴിവുസമയം ലഭിക്കട്ടെ എന്ന് കാത്തിരിക്കരുത്; തിരക്കേറിയ ജീവിതത്തിനിടയിലും ഭാഷ പഠിക്കാൻ സമയം കണ്ടെത്തണം. കർണാടകയിൽ ജീവിക്കുന്ന നാം ഈ നാടിൻ്റെ ഭാഷ പഠിക്കുന്നത് നമുക്ക് ജീവിതവും ജീവിതമാർഗവും നൽകുന്ന മണ്ണിനോടുള്ള സ്നേഹത്തിൻ്റെയും ആദരവിൻ്റെയും മനോഹരമായ അടയാളമാണ്. താൽപര്യവും ആത്മാർത്ഥതയും നിരന്തരമായ പരിശീലനവുമുണ്ടെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ കന്നഡ സംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള കഴിവ് വളർത്തിയെടുക്കാൻ സാധിക്കും.’ ഡോ. സുഷമ ശങ്കർ അഭിപ്രായപ്പെട്ടു.
കൂടുതൽ വിവരങ്ങൾക്ക് 9901041889 / 8147212724/9742853241.