കർണാടകയിലെ എല്ലാ സർക്കാർ സ്കൂളുകളിലും അടുത്ത അധ്യയനവർഷം മുതൽ ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. സംസ്ഥാനത്തെ 48,527 സർക്കാർ സ്കൂളുകളിലും കന്നഡ മീഡിയത്തിന് പുറമേ ഇംഗ്ലീഷ് മീഡിയത്തിലും പഠിക്കാൻ വിദ്യാർഥികൾക്ക് അവസരം ലഭിക്കും. നിലവിലുള്ള കന്നഡ മീഡിയം ക്ലാസുകൾ തുടരുമെന്നും സർക്കാർ വ്യക്തമാക്കി.
സർക്കാർ സ്കൂളുകളിൽ നിന്ന് സ്വകാര്യ സ്കൂളുകളിലേക്കുള്ള വിദ്യാർഥികളുടെ ഒഴുക്ക് തടയുകയും രക്ഷിതാക്കൾക്ക് പഠനമാധ്യമം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതി സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്ന് സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ മന്ത്രി മധു ബംഗാരപ്പ അറിയിച്ചു. വിദ്യാർഥികൾക്ക് കന്നഡ അല്ലെങ്കിൽ ഇംഗ്ലീഷ് മീഡിയം തിരഞ്ഞെടുക്കാം. എന്നാൽ കന്നഡ മീഡിയം വിഭാഗങ്ങൾ നിർത്തലാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2019-20 അധ്യയനവർഷത്തിലാണ് ദ്വിഭാഷാ വിദ്യാഭ്യാസ പദ്ധതി ആദ്യമായി ആരംഭിച്ചത്. തുടക്കത്തിൽ 6,539 സർക്കാർ സ്കൂളുകളിലായിരുന്നു ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങൾ അനുവദിച്ചത്. ഈ പദ്ധതിയിലൂടെ പ്രവേശനം നേടിയ ആദ്യ ബാച്ചിലെ വിദ്യാർഥികൾ ഇപ്പോൾ ഏഴാം ക്ലാസിലെത്തി. തുടർന്ന് 2024-25 അധ്യയനവർഷത്തിൽ 2,000 സ്കൂളുകൾക്കും 2025-26ൽ 4,134 സ്കൂളുകൾക്കും ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങൾ ആരംഭിക്കാൻ അനുമതി നൽകി.
ബെംഗളൂരു നോർത്ത്, ബെംഗളൂരു സൗത്ത് മേഖലകളിലായി ആകെയുള്ള 1,465 സർക്കാർ സ്കൂളുകളിൽ 1,103 സ്കൂളുകൾക്ക് ഇതിനകം ഇംഗ്ലീഷ് മീഡിയം പ്രൈമറി വിഭാഗങ്ങൾ ആരംഭിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ അധ്യയനവർഷം 33 വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി 11,555 സ്കൂളുകൾ ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങൾ ആരംഭിക്കാൻ അപേക്ഷ നൽകിയിരുന്നു.
ഓരോ താലൂക്കിൽ നിന്നും ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ള ആദ്യ 15 സ്കൂളുകളെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുന്നത്. പദ്ധതി വ്യാപിപ്പിക്കുമ്പോൾ അധ്യാപകരുടെ ഇംഗ്ലീഷ് ഭാഷാപരിജ്ഞാനവും ക്ലാസ് മുറികളിലെ പഠനനിലവാരവും ഉറപ്പാക്കേണ്ടതുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇതിനായി ബ്രിട്ടീഷ് കൗൺസിൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെ അധ്യാപകർക്ക് ഇംഗ്ലീഷ് ആശയവിനിമയത്തിലും ദ്വിഭാഷാ അധ്യാപന രീതികളിലും പരിശീലനം നൽകിവരികയാണ്.
ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങൾ ആരംഭിച്ചാലും കന്നഡ ഭാഷയുടെ പ്രാധാന്യം കുറയ്ക്കില്ലെന്നാണ് സർക്കാരിന്റെ നിലപാട്. വിദ്യാർഥികൾക്ക് ഇംഗ്ലീഷിൽ പഠിക്കാനുള്ള അവസരം നൽകുന്നതിനൊപ്പം കന്നഡ ഭാഷയും സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ പ്രധാന ഭാഗമായി തുടരും. സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും സ്വകാര്യ സ്കൂളുകളെ ആശ്രയിക്കുന്ന പ്രവണത കുറയ്ക്കുന്നതിനും പുതിയ പദ്ധതി സഹായിക്കുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ.