നടൻ മമ്മൂട്ടി തൻ്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. മമ്മൂട്ടിയുടെ സന്ദർശനത്തിന് പിന്നിൽ സ്നേഹവും സൗഹൃദവുമാണെന്നും ഇത്തരം കാര്യങ്ങൾ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഇത്തരം വിമർശനങ്ങളൊന്നും വിഷയമല്ലെന്നും അദ്ദേഹം മഹാമനസ്കനായ വ്യക്തിയാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. മമ്മൂട്ടിയെ കൂടാതെ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളും വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ തൻ്റെ ക്ഷണം സ്വീകരിച്ചാണ് വിവാഹത്തിനെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇവരെല്ലാം തൻ്റെ സുഹൃത്തുക്കളാണെന്നും രാഷ്ട്രീയത്തിനപ്പുറമുള്ള വ്യക്തിബന്ധങ്ങളാണ് ഇത്തരം സന്ദർശനങ്ങൾക്ക് പിന്നിലെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.

കേരളത്തിൽ പരസ്പര സൗഹൃദത്തോടെയും ഒരുമയോടെയും മുന്നോട്ടുപോകാൻ ആഗ്രഹിക്കാത്ത ചില ശക്തികളാണ് ഇത്തരം സന്ദർശനങ്ങളെ എതിർക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വ്യക്തിബന്ധങ്ങളും സൗഹൃദവും തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇത്തരം സൗഹൃദങ്ങൾ സമൂഹത്തിന് മാതൃകയാകണമെന്നും ബി. ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

Related Posts