ബെംഗളൂരു: 15 ദിവസത്തിനിടെ ഒരേ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി എസ്. ഇന്ദുശേഖർ മൃതദേഹങ്ങൾ കടത്താൻ ഉപയോഗിച്ചത് ‘പ്രസ്’ സ്റ്റിക്കറും പത്രത്തിൻ്റെ പേരിലുള്ള ബാനറും പതിച്ച കാർ. മാധ്യമപ്രവർത്തകനാണെന്ന പ്രതീതി സൃഷ്ടിച്ച് പൊലീസിൻ്റെ പരിശോധനകളിൽനിന്ന് രക്ഷപ്പെടാനായിരുന്നു പ്രതിയുടെ നീക്കമെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം.

പ്രതി ഉപയോഗിച്ചിരുന്ന ടൊയോട്ട എറ്റിയോസ് കാർ (KA 02 AF 1488) പൊലീസ് പിടിച്ചെടുത്തു. കാറിൻ്റെ മുൻഭാഗത്ത് വ്യക്തമായി കാണാവുന്ന രീതിയിൽ ‘Press’ സ്റ്റിക്കർ പതിച്ചിരുന്നു. വാഹനത്തിൻ്റെ പിൻഭാഗത്ത് ബൂട്ട് സ്പേസിന് മുകളിലായി ‘താന വരടി’ എന്ന പത്രത്തിൻ്റെ പേരിലുള്ള ബാനറും സ്ഥാപിച്ചിരുന്നു. ഈ ബാനർ ഉപയോഗിച്ച് മാധ്യമസ്ഥാപനവുമായി ബന്ധമുള്ളയാളാണെന്ന പ്രതീതി സൃഷ്ടിച്ചാണ് മൃതദേഹങ്ങൾ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയതെന്നാണ് പൊലീസ് കരുതുന്നത്.

പ്രത്യേകിച്ച് ഹൊസൂർ അതിർത്തി കടന്നുള്ള യാത്രകളിൽ പൊലീസ് പരിശോധന ഒഴിവാക്കാൻ ഈ തിരിച്ചറിയൽ സഹായിച്ചിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. മൃതദേഹങ്ങൾ ഉപേക്ഷിക്കുന്നതിനിടയിലും സംശയം തോന്നാതിരിക്കാൻ പത്രബാനർ മറയാക്കിയെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.

കാറിൽനിന്ന് ചന്ദനത്തിൻ്റെ സുഗന്ധമുള്ള പെർഫ്യൂമുകളും റോസ് വാട്ടർ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ കടത്തുമ്പോൾ ദുർഗന്ധം പുറത്തുവരാതിരിക്കാൻ ഇവ ഉപയോഗിച്ചിരിക്കാമെന്നാണ് പൊലീസിൻ്റെ സംശയം. വാഹനത്തിന് 14,900 രൂപയുടെ ട്രാഫിക് നിയമലംഘന പിഴകളും നിലവിലുണ്ടെന്നാണ് വിവരം.

മകളെ ഭീഷണിപ്പെടുത്താനുള്ള ഉപകരണമാക്കി

പ്രായപൂർത്തിയാകാത്ത മകളെ ഉപയോഗിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്തിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പെരുമാറ്റത്തെ ചോദ്യം ചെയ്യുകയോ തർക്കങ്ങളിൽ ഇടപെടുകയോ ചെയ്യുന്നവർക്കെതിരെ പോക്സോ കേസ് നൽകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ആരോപണം.

കഴിഞ്ഞ വർഷം വീടിന് സമീപത്തെ കാർ പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഒരു ഡ്രൈവറെ പോക്സോ കേസിൽ കുടുക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് പൊലീസെത്തി ഇന്ദുശേഖറിനെയും മകളെയും ചോദ്യം ചെയ്യുകയും ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കൗൺസിലിങ് നൽകുകയും ചെയ്തു. അയൽവാസികളോടും സമാനമായ രീതിയിൽ പെരുമാറിയിരുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

കേസിൽ പ്രതിയുടെ ആസൂത്രണവും കൊലപാതകങ്ങൾ മറച്ചുവെക്കാൻ സ്വീകരിച്ച മാർഗങ്ങളും സംബന്ധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.

Related Posts