വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയുള്ള കുറിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ബെംഗളൂരുവിൽ നിന്ന് ലഖ്‌നൗവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ശനിയാഴ്ച വൈകിട്ട് 5.50ന് 178 യാത്രക്കാരുമായി പുറപ്പെട്ട 6E451 വിമാനത്തിലെ ശുചിമുറിയിലാണ് ഭീഷണിക്കുറിപ്പ് കണ്ടെത്തിയത്.

വിമാനം കൃത്യം വൈകിട്ട് 6.30ന് ഹൈജാക്ക് ചെയ്യുമെന്നായിരുന്നു കുറിപ്പിലെ മുന്നറിയിപ്പ്. ഒരു യാത്രക്കാരൻ്റെ ശ്രദ്ധയിൽപ്പെട്ട കുറിപ്പ് ക്യാബിൻ ക്രൂവിനെ അറിയിച്ചതോടെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിടുകയുമായിരുന്നു.

കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയ വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന ആരെങ്കിലും കുറിപ്പ് എഴുതിവെച്ചതാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. യാത്രക്കാരെ ചോദ്യം ചെയ്തെങ്കിലും കുറിപ്പിന് പിന്നിലുള്ളയാളെ കണ്ടെത്താനായിട്ടില്ല.

Related Posts