ഗ്രാമീണ മേഖലയിലെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ നിലവാരവും മെച്ചപ്പെടുത്താൻ സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആവശ്യപ്പെട്ടു. കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സി.എസ്.ആർ) പദ്ധതിയുടെ ഭാഗമായി സർക്കാർ സ്കൂളുകൾ ദത്തെടുത്ത് ആവശ്യമായ സഹായങ്ങൾ നൽകണമെന്നാണ് നിർദേശം.
സ്കൂളുകൾക്ക് അധ്യാപകർ, കമ്പ്യൂട്ടറുകൾ, ലബോറട്ടറി ഉപകരണങ്ങൾ, ഗതാഗത സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കാൻ സ്വകാര്യ സ്ഥാപനങ്ങൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രാമീണ വിദ്യാഭ്യാസ മേഖലയിലെ പുരോഗതി ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘നമ്മ ശാലെ, നമ്മ ജവാബ്ദാരി’ (നമ്മുടെ സ്കൂൾ, നമ്മുടെ ഉത്തരവാദിത്തം) പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ 1,000 സർക്കാർ സ്കൂളുകളെ സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പിന്നീട് ഈ പദ്ധതി 2,000 സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.