പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും കൃത്യമായ സമയപരിധിയും നിയന്ത്രണങ്ങളും വേണമെന്ന് സുപ്രീംകോടതി. സമരങ്ങൾക്കായി അനുവദിച്ചിട്ടുള്ള പൊതുസ്ഥലങ്ങൾ ഒരു വിഭാഗത്തിനും അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എല്ലാവർക്കും പ്രതിഷേധിക്കാനുള്ള തുല്യ അവകാശമുണ്ടെന്നും ഒരു വിഭാഗത്തിൻ്റെ സമരം മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിക്കുന്നതാകരുതെന്നും കോടതി നിരീക്ഷിച്ചു.

ഡൽഹിയിലെ എസ്ഐആർ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് എം.എ. ബേബി ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. കർഷകർ, തൊഴിലാളികൾ, മാധ്യമപ്രവർത്തകർ തുടങ്ങി വിവിധ വിഭാഗങ്ങൾക്കും പ്രതിഷേധിക്കാനുള്ള അവസരം ലഭിക്കണം. അതിനാൽ സമരങ്ങൾക്ക് അനുമതി നൽകുമ്പോൾ സ്ഥലവും സമയപരിധിയും മറ്റ് വ്യവസ്ഥകളും കൃത്യമായി നിശ്ചയിക്കണമെന്നും കോടതി നിർദേശിച്ചു.

ജന്തർ മന്തറിൽ സിജെപി നടത്തിയ പ്രതിഷേധത്തിന് ഒരു ദിവസത്തേക്കാണ് അനുമതി നൽകിയിരുന്നതെന്നും എന്നാൽ സമരക്കാർ 17 ദിവസം സ്ഥലം കൈവശം വെച്ചെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഇതേത്തുടർന്നാണ് പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് ഉപയോഗിക്കാനാകില്ലെന്ന നിലപാട് കോടതി വ്യക്തമാക്കിയത്.

സമരത്തെത്തുടർന്ന് വ്യാപാരമേഖലയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഡൽഹിയിലെ വ്യാപാരികളും കോടതിയെ സമീപിച്ചു. അടുത്ത രണ്ടു മാസത്തേക്ക് പ്രതിഷേധങ്ങളും ധർണകളും അനുവദിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. വ്യാപാരികൾക്കുണ്ടായ നഷ്ടവുമായി ബന്ധപ്പെട്ട ഹർജിയിൽ സമരസംഘാടകരെയും എതിർകക്ഷികളായി ഉൾപ്പെടുത്താൻ സുപ്രീംകോടതി നിർദേശിച്ചു. അതേസമയം, വനിതാ മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ ഈ മാസം 23ന് പ്രത്യേകമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

Related Posts