മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള കന്നഡ പതാകയ്ക്ക് ഔദ്യോഗിക സംസ്ഥാന പതാക പദവി നൽകുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. സംസ്ഥാനത്തെ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാകയ്ക്കൊപ്പം കന്നഡ പതാകയും ഉയർത്താൻ നിയമപരമായ ചട്ടക്കൂട് കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.
നവംബർ 30 മുതൽ ഡിസംബർ 11 വരെ ബെളഗാവിയിലെ സുവർണ വിധാൻ സൗധയിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ വിഷയം ചർച്ച ചെയ്യും. നേരത്തെ പതാകയ്ക്ക് അംഗീകാരം നൽകാനുള്ള നിർദേശം കേന്ദ്രസർക്കാരിന് സമർപ്പിച്ചിരുന്നെങ്കിലും അംഗീകാരം ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയുടെ സംസ്കാരം, പാരമ്പര്യം, മതസൗഹാർദം, കന്നഡിഗരുടെ ആത്മാഭിമാനം എന്നിവയുടെ പ്രതീകമാണ് പതാകയെന്നും മുഖ്യമന്ത്രി ശിവകുമാർ വ്യക്തമാക്കി. രാജ്യോത്സവത്തിൻ്റെ ഭാഗമായി വിധാൻ സൗധ പരിസരത്ത് ഭുവനേശ്വരി ദേവിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശിവകുമാർ ദേശീയ പതാകയും കന്നഡ പതാകയും ഉയർത്തി. വിവിധ സ്കൂളുകളിലെ വിദ്യാർഥികളുടെ മാർച്ച് പാസ്റ്റിൽ അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു. മന്ത്രി മധു ബംഗാരപ്പ, ചീഫ് സെക്രട്ടറി ഡോ. ശാലിനി രജ്നീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.