മൊബൈൽ ഫോണുകളിൽ സേവ് ചെയ്യാത്ത നമ്പറുകളിൽനിന്ന് വിളിയെത്തിയാലും വിളിക്കുന്നയാളുടെ പേര് സ്ക്രീനിൽ തെളിയുന്ന പുതിയ സംവിധാനം ഇന്ന് മുതൽ രാജ്യത്ത് നടപ്പാക്കുന്നു. കേന്ദ്ര ടെലികോം വകുപ്പിൻ്റെ നിർദേശപ്രകാരം ‘കോളിങ് നെയിം പ്രസന്റേഷൻ’ (CNAP) സംവിധാനമാണ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നത്.
സിം കാർഡ് എടുക്കാൻ നൽകിയ തിരിച്ചറിയൽ രേഖയിലെ പേരായിരിക്കും കോളെത്തുമ്പോൾ ഫോണിൽ പ്രദർശിപ്പിക്കുക. നിലവിൽ ഫോണിൽ സേവ് ചെയ്ത പേരോ ട്രൂകോളർ പോലുള്ള തേർഡ് പാർട്ടി ആപ്പുകളിൽ ലഭിക്കുന്ന വിവരങ്ങളോ ആണ് സാധാരണയായി കാണിക്കുന്നത്. എന്നാൽ പുതിയ സംവിധാനം വരുന്നതോടെ നമ്പർ ആരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് നേരിട്ട് അറിയാൻ കഴിയും.
ആദ്യഘട്ടത്തിൽ 4ജി, 5ജി നെറ്റ്വർക്കുകളിലാണ് സൗകര്യം ലഭ്യമാകുക. 2ജി ഫോണുകളെ പരീക്ഷണത്തിൻ്റെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഏകദേശം 60 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനം പ്രവർത്തിപ്പിക്കാനാണ് നിർദേശം.
പുതിയ സൗകര്യം ലഭിക്കാൻ മൊബൈൽ ഉപയോക്താക്കൾ പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല. ഫോണിൽ നേരത്തെ സേവ് ചെയ്ത നമ്പറുകളിൽനിന്ന് വിളിയെത്തുമ്പോൾ സേവ് ചെയ്ത പേരുതന്നെയായിരിക്കും ദൃശ്യമാകുക.
ബിസിനസ് കണക്ഷനുകൾക്ക് തിരിച്ചറിയൽ രേഖയിലെ പേരിനു പകരം സ്ഥാപനത്തിൻ്റെ ട്രേഡ് മാർക്ക് അല്ലെങ്കിൽ അംഗീകരിച്ച ഇഷ്ടപ്പെട്ട പേര് (Preferred Name) പ്രദർശിപ്പിക്കാനുള്ള സംവിധാനവുമുണ്ടാകും. പുതിയ ബിസിനസ് കണക്ഷനുകൾ എടുക്കുമ്പോൾ തന്നെ ഈ പേര് നൽകാൻ സാധിക്കും.
വ്യാജ കോളുകളും തട്ടിപ്പുകളും തിരിച്ചറിയാൻ സഹായിക്കുന്നതിനൊപ്പം കോളർ ഐഡി സംവിധാനത്തിൻ്റെ വിശ്വാസ്യത വർധിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാൽ സ്ക്രീനിൽ തെളിയുന്ന പേര് സിം രജിസ്റ്റർ ചെയ്ത വ്യക്തിയുടേതായിരിക്കും; യഥാർഥത്തിൽ വിളിക്കുന്നത് അതേ വ്യക്തിയാണെന്ന് ഇതുകൊണ്ട് മാത്രം ഉറപ്പിക്കാനാവില്ല.