മദ്യം മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി മൊബൈൽ ആപ്പ് വികസിപ്പിച്ച് ഡൽഹി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (ഡിഎസ്ഐഐഡിസി). ‘ഡൽഹി ലിക്കർ ബുക്കിങ് ആപ്പ്’ വഴി ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള ബ്രാൻഡും കുപ്പിയുടെ അളവും തിരഞ്ഞെടുത്ത് ഓൺലൈനായി പണമടച്ച് മദ്യം ബുക്ക് ചെയ്യാം. എന്നാൽ ഹോം ഡെലിവറി സൗകര്യം ലഭ്യമല്ല.
ഓർഡർ ബുക്ക് ചെയ്ത് പണമടച്ചാൽ ഉപഭോക്താവിന് ക്യുആർ കോഡ് ലഭിക്കും. ഇത് തിരഞ്ഞെടുത്ത റീട്ടെയിൽ ഔട്ട്ലെറ്റിൽ കാണിച്ച് 48 മണിക്കൂറിനകം മദ്യം കൈപ്പറ്റാം. ഓർഡർ സ്വീകരിക്കുന്നതിനു മുമ്പ് ബുക്കിങ് റദ്ദാക്കാനും സൗകര്യമുണ്ട്. എന്നാൽ വാങ്ങിയ ഉൽപ്പന്നങ്ങൾ തിരിച്ചുനൽകാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഡൽഹിയിൽ കോർപ്പറേഷനു കീഴിൽ 208 റീട്ടെയിൽ ഔട്ട്ലെറ്റുകളുണ്ടെങ്കിലും നിലവിൽ സ്വന്തം സ്റ്റോറുകളിൽ മാത്രമാണ് ഓൺലൈൻ ബുക്കിങ് സൗകര്യം ലഭ്യമാകുന്നത്. ആപ്പ് ഉപയോഗിക്കാൻ കുറഞ്ഞത് 25 വയസ് പ്രായമുണ്ടായിരിക്കണം. എക്സൈസ് ചട്ടപ്രകാരം ഒരാൾക്ക് ഒമ്പത് ലിറ്റർ വിസ്കിയും 18 ലിറ്റർ ബിയറും വരെ വാങ്ങാം.
മദ്യവിൽപ്പനശാലകളിലെ കാത്തിരിപ്പ് സമയവും പണമടയ്ക്കാനുള്ള കൗണ്ടറുകളിലെ തിരക്കും കുറയ്ക്കുകയാണ് പുതിയ സംവിധാനത്തിൻ്റെ ലക്ഷ്യം. എന്നാൽ ഓൺലൈൻ ബുക്കിങ് സേവനത്തിന് ഇതുവരെ കാര്യമായ പ്രതികരണം ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.