നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പ്രവർത്തിക്കുന്ന പേയിങ് ഗസ്റ്റ് (പിജി) താമസസ്ഥാപനങ്ങൾ പൂട്ടാൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് (ജിബിഎ) കർണാടക ഹൈക്കോടതിയുടെ അനുമതി. നേരത്തേ നൽകിയ നിർദേശങ്ങളും അടച്ചുപൂട്ടൽ ഉത്തരവുകളും അവഗണിച്ച് നിയമലംഘനങ്ങൾ പരിഹരിക്കാത്ത പിജികൾക്കെതിരെ നടപടിയെടുക്കാമെന്ന് ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ജിബിഎയുടെ നോട്ടീസുകളെ ചോദ്യം ചെയ്ത് പ്രിൻസസ് ലേഡീസ് പിജി ഉൾപ്പെടെ നാല് സ്ഥാപനങ്ങൾ നൽകിയ ഹർജികൾ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർദേശം. നിയമലംഘനങ്ങൾ തിരുത്താൻ ഉടമകൾ ഗൗരവമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് ജിബിഎയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
പിജികളിൽ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് കോടതി മുൻഗണന നൽകിയത്. സുരക്ഷാ ക്രമീകരണങ്ങൾ, സിസിടിവി ക്യാമറകൾ, അഗ്നിസുരക്ഷാ ഉപകരണങ്ങൾ, ഗുണനിലവാരമുള്ള ഭക്ഷണം, ശുദ്ധമായ കുടിവെള്ളം എന്നിവ ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു. നിയമപരമായി അനുവദിച്ച കെട്ടിടങ്ങളിൽ മാത്രമേ പിജികൾ പ്രവർത്തിക്കാവൂ എന്നും വ്യക്തമാക്കി.
ജിബിഎ നടത്തിയ പരിശോധനയിൽ ബെംഗളൂരുവിലെ 5,480 പിജികളിൽ 3,597 എണ്ണവും ആവശ്യമായ ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. നഗരത്തിലെ പിജികളിൽ 65 ശതമാനത്തിലധികം സ്ഥാപനങ്ങൾക്ക് ലൈസൻസില്ലെന്നാണ് കണക്ക്. ഏറ്റവും കൂടുതൽ അനധികൃത പിജികൾ കണ്ടെത്തിയത് ഈസ്റ്റ് സിറ്റി കോർപ്പറേഷൻ പരിധിയിലാണ്; 2,103 എണ്ണം.
അതേസമയം, പിജി ഉടമകൾക്ക് നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനുള്ള സമയപരിധി വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു. നവംബർ 4-നകം ഇത് സമർപ്പിക്കണം. നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ തുടർനടപടികൾ ഉണ്ടാകാമെന്നും കോടതി മുന്നറിയിപ്പ് നൽകി.