മൈസൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വാരാന്ത്യ ബസ് സർവീസുകൾ ആരംഭിക്കാൻ കേരള ആർടിസി ഒരുങ്ങുന്നു. വാരാന്ത്യങ്ങളിലും ഉത്സവകാലങ്ങളിലും നാട്ടിലേക്ക് പോകാൻ ബെംഗളൂരുവിൽ നിന്നുള്ള സ്പെഷൽ ബസുകളെ ആശ്രയിച്ചിരുന്ന മൈസൂരു മലയാളികൾക്ക് പുതിയ സർവീസുകൾ ആശ്വാസമാകും.
കേരളത്തിലേക്കുള്ള ട്രെയിൻ സർവീസുകൾ പരിമിതമായ സാഹചര്യത്തിൽ മധ്യ, തെക്കൻ കേരളത്തിലേക്ക് കൂടുതൽ ബസ് സർവീസുകൾ വേണമെന്ന ആവശ്യം വിവിധ മലയാളി കൂട്ടായ്മകൾ നേരത്തേ ഉന്നയിച്ചിരുന്നു. മൈസൂരുവിലെ ഐടി കമ്പനികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന നിരവധി മലയാളികൾ കേരള ആർടിസി ബസുകളെയാണ് ആശ്രയിക്കുന്നത്.
കഴിഞ്ഞ വർഷം പാലക്കാട്ടേക്ക് ആരംഭിച്ച ഡീലക്സ് ബസ് സർവീസ് മാനന്തവാടി, താമരശ്ശേരി, മുക്കം, മഞ്ചേരി, പെരിന്തൽമണ്ണ, മണ്ണാർക്കാട് വഴിയാണ് സർവീസ് നടത്തുന്നത്. നിലവിൽ കർണാടക ആർടിസിക്ക് മൈസൂരുവിൽ നിന്ന് കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലേക്കും ബസ് സർവീസുകളുണ്ട്. പുതിയ വാരാന്ത്യ സർവീസുകൾ ആരംഭിക്കുന്നതോടെ നാട്ടിലേക്കുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് പ്രതീക്ഷ.