തമിഴ്‌നാട്ടിലെ തേനി ജില്ല ജയിലിൽ ജീവനക്കാരെ ആക്രമിച്ച് 17 വിചാരണത്തടവുകാർ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി ആണ്ടിപ്പെട്ടിക്ക് സമീപം തെക്കമ്പട്ടിയിലെ ജയിലിലാണ് സംഭവം. തടവുകാരിലൊരാൾക്ക് ആരോഗ്യപ്രശ്നമുണ്ടെന്ന് അറിയിച്ചതിനെത്തുടർന്ന് മുറി തുറന്നപ്പോഴാണ് ജീവനക്കാരെ ആക്രമിച്ച് സംഘം രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ ഒരു ജയിൽ ജീവനക്കാരന് തലയ്ക്ക് പരിക്കേറ്റു. മറ്റ് രണ്ട് ജീവനക്കാർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. രക്ഷപ്പെട്ടവരിൽ ഒരാളെ പൊലീസ് പിടികൂടി. ശേഷിക്കുന്നവരെ കണ്ടെത്താൻ 17 പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
രക്ഷപ്പെട്ടവർ പാലക്കാട്, ഇടുക്കി അതിർത്തികൾ വഴി കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ അതിർത്തി മേഖലകളിൽ പരിശോധന ശക്തമാക്കി. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, പ്രധാന റോഡുകൾ എന്നിവിടങ്ങളിലും നിരീക്ഷണം ഊർജിതമാക്കിയിട്ടുണ്ട്.