യശ്വന്തപുര റെയിൽവേ സ്റ്റേഷനിൽ പുതിയ പാർസൽ ഓഫിസ് ഉദ്ഘാടനം ചെയ്തു. യശ്വന്തപുര–ചന്നസന്ദ്ര 21.70 കിലോമീറ്റർ റെയിൽപാത ഇരട്ടിപ്പിക്കൽ പദ്ധതിയുടെ ഭാഗമായാണ് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമിച്ചത്. ഉദ്ഘാടനച്ചടങ്ങിൽ സൗത്ത് വെസ്റ്റേൺ റെയിൽവേ ബെംഗളൂരു ഡിവിഷൻ ഡിവിഷണൽ റെയിൽവേ മാനേജർ ആശുതോഷ് കെ. സിങ്ങും കെ-റൈഡ് മാനേജിങ് ഡയറക്ടർ ലക്ഷ്മൺ സിങ്ങും പങ്കെടുത്തു.

പുതിയ കെട്ടിടത്തിൻ്റെ താഴത്തെ നില ഇന്ത്യൻ റെയിൽവേയ്ക്ക് കൈമാറി. പാർസൽ ഗതാഗതം വർധിച്ചുവരുന്ന സാഹചര്യത്തിൽ ചരക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വർധിപ്പിക്കുക, പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പാർസലുകളുടെ സൂക്ഷിപ്പ്, കയറ്റൽ, ഇറക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ക്രമീകരിക്കാനും പുതിയ സൗകര്യം സഹായിക്കും.

നിലവിൽ നിർമാണം പൂർത്തിയായ കെട്ടിടത്തിൽ പാർസൽ പ്രവർത്തനങ്ങൾക്കായി മൂന്ന് നിലകളും സിഗ്നലിങ് ആൻഡ് ടെലികമ്യൂണിക്കേഷൻ (എസ് ആൻഡ് ടി), റൂട്ട് റിലേ ഇന്റർലോക്കിങ് (ആർആർഐ) പ്രവർത്തനങ്ങൾക്കായി ഒരു നിലയുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ശേഷിക്കുന്ന നിർമാണപ്രവൃത്തികൾ പൂർത്തിയാകുന്നതോടെ പാർസൽ കൈകാര്യം ചെയ്യുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടും.

റെയിൽവേ പരിസരത്തെ റോഡ് ഗതാഗതക്കുരുക്ക് കുറയ്ക്കാനും പുതിയ പാർസൽ ഓഫിസ് സഹായിക്കുമെന്നാണ് പ്രതീക്ഷ. പാർസൽ വാഹനങ്ങളുടെ ക്യൂവും റോഡരികിലെ തടസ്സങ്ങളും കുറയ്ക്കുന്നതിലൂടെ ചരക്കുവാഹനങ്ങളുടെ നീക്കം സുഗമമാക്കാനും സ്റ്റേഷനിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്താനും സാധിക്കും.

Related Posts