ദസറ ബോണസും സർക്കാർ സബ്സിഡിയും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബെംഗളൂരുവിന് സമീപം നെലമംഗല താലൂക്കിലെ നാരായണപുര ക്ഷീരോൽപാദക സഹകരണ സംഘത്തിലെ കർഷകർ പാൽ ഒഴുക്കി പ്രതിഷേധിച്ചു. സംഘത്തിലെ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ചും കർഷകർ രംഗത്തെത്തി.
ദസറയോടനുബന്ധിച്ച് ലഭിക്കേണ്ട ആനുകൂല്യങ്ങൾ വിതരണം ചെയ്യാത്തതും പാൽ ഉൽപാദകർക്ക് ലഭിക്കേണ്ട സാമ്പത്തിക സഹായം മുടങ്ങിയതുമാണ് പ്രതിഷേധത്തിന് കാരണമായത്. പ്രതിഷേധത്തിൻ്റെ ഭാഗമായി നൂറുകണക്കിന് ലിറ്റർ പാൽ പാഴാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
പുലർച്ചെ പാൽ എത്തിക്കാനായി സംഘത്തിലെത്തിയ കർഷകർക്ക് മണിക്കൂറുകളോളം കാത്തിരുന്നിട്ടും പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെന്നാണ് റിപ്പോർട്ട്. തുടർന്ന് രാവിലെ 7.30ഓടെ പാൽക്കാനുകൾ ഒഴുക്കി പ്രതിഷേധിക്കുകയായിരുന്നു.
സംഘത്തിലെ പ്രസിഡണ്ടിനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്കുമെതിരെ കർഷകർ ആരോപണങ്ങൾ ഉന്നയിച്ചു. കുടിശ്ശികയായ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക, സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം നടത്തുക, കണക്കുകൾ ഓഡിറ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും സഹകരണ വകുപ്പ് അധികൃതരെ സമീപിക്കുമെന്നും കർഷകർ മുന്നറിയിപ്പ് നൽകി. ആരോപണങ്ങളിൽ സംഘത്തിൻ്റെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.