നവരാത്രി ആഘോഷങ്ങളും മഴയും നഗരത്തിൽനിന്നുള്ള കൂട്ടപ്പലായനവും ഒരുമിച്ചതോടെ ശനിയാഴ്ച രാത്രി ബെംഗളൂരുവിൻ്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. മണിക്കൂറുകളോളം വാഹനങ്ങളിൽ കുടുങ്ങിയ യാത്രക്കാർ ദുരിതത്തിലായി. നഗരാതിർത്തി കടക്കാൻ ചില ബസുകൾക്ക് ഞായറാഴ്ച പുലർച്ചെ വരെ കാത്തിരിക്കേണ്ടിവന്നു.
ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ഹൈദരാബാദ്, ചെന്നൈ നഗരങ്ങളിലെ മാതൃകയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ബെംഗളൂരു ട്രാഫിക് പൊലീസ് പരിഗണിക്കുന്നു. നിശ്ചിത സമയങ്ങളിൽ ചരക്ക് വാഹനങ്ങൾ, ഇടത്തരം വാണിജ്യ വാഹനങ്ങൾ, ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള സ്വകാര്യ ബസുകൾ എന്നിവയുടെ സഞ്ചാരം നിയന്ത്രിക്കാനാണ് ആലോചന. ഉത്സവദിനങ്ങളിലും വാരാന്ത്യങ്ങളിലും ഗതാഗതം സുഗമമാക്കുകയാണ് ലക്ഷ്യം.
ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജിബിഎ) മാലിന്യ ശേഖരണ വാഹനങ്ങളുടെയും കോംപാക്ടറുകളുടെയും നഗരമധ്യത്തിലെ സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തിയേക്കും. ഇവ രാത്രി 10 മുതൽ രാവിലെ ഏഴുവരെ മാത്രം പ്രവർത്തിപ്പിക്കുകയും പകൽസമയത്തെ സഞ്ചാരം നിയന്ത്രിക്കുകയും ചെയ്യുന്ന നിർദേശമാണ് പരിഗണനയിലുള്ളത്.
തുമക്കൂരു റോഡ്, മൈസൂരു റോഡ്, വിമാനത്താവള റോഡ് എന്നിവിടങ്ങളിലും ഹെബ്ബാൾ, യശ്വന്ത്പുര, പീനിയ, ചന്ദാപുര മേഖലകളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. രാജാജിനഗറിൽനിന്ന് ദാസറഹള്ളിയിലേക്ക് സാധാരണ 30 മിനിറ്റിൽ എത്താവുന്ന യാത്രയ്ക്ക് രണ്ടു മണിക്കൂറോളം വേണ്ടിവന്നതായി യാത്രക്കാർ പറഞ്ഞു.
മജസ്റ്റിക്കിനും സാൻഡൽ സോപ്പ് ഫാക്ടറിക്കും ഇടയിലും വാഹനങ്ങൾ ഇഴഞ്ഞുനീങ്ങി. നാലോ അഞ്ചോ കിലോമീറ്റർ പിന്നിടാൻ ബസുകൾക്ക് ഒന്നുമുതൽ രണ്ടുമണിക്കൂർ വരെ വേണ്ടിവന്നു. രാത്രി ഒൻപതോടെ മജസ്റ്റിക്കിൽനിന്ന് യാത്ര തുടങ്ങിയ ചിലർ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാര്യമായ ദൂരം പിന്നിടാനായില്ലെന്ന് പരാതിപ്പെട്ടു.
നഗരത്തിലെ റോഡ് ആസൂത്രണത്തിലെ പോരായ്മകളും ഗതാഗത നിയന്ത്രണത്തിലെ വീഴ്ചകളും പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് യാത്രക്കാരുടെ ആരോപണം