സ്പാ ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.
സംഘടനയുടെയും മാധ്യമങ്ങളുടെയും പ്രതിനിധികളെന്ന വ്യാജേന എത്തിയ ആറംഗ സംഘം ഒക്ടോബർ മൂന്നിന് രാത്രി വിദ്യാരണ്യപുരയിലെ നഞ്ചപ്പ ലേഔട്ടിലുള്ള സ്പാ ആൻഡ് സലൂണിൽ ജീവനക്കാരെ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. സ്ഥാപനത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.
അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട സംഘം ഒരു ലക്ഷം രൂപ ബലമായി കൈക്കലാക്കിയെന്നാണ് പരാതി. ഒക്ടോബർ നാലിന് പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് ഒക്ടോബർ ആറിന് കെ.ആർ. സർക്കിളിന് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികളിൽ നാലുപേർ സ്ത്രീകളാണ്. കേസുമായി ബന്ധപ്പെട്ട് 80,000 രൂപയും ഏഴ് മൊബൈൽ ഫോണുകളും ഒരു കാറും ഇരുചക്രവാഹനവും പൊലീസ് പിടിച്ചെടുത്തു. സമാനമായ മറ്റ് സംഭവങ്ങളിൽ സംഘത്തിന് പങ്കുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.