ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഇന്ത്യ–വെസ്റ്റിൻഡീസ് ട്വന്റി20 ക്രിക്കറ്റ് മത്സരം നടക്കുന്നതിനാൽ ബെംഗളൂരു മെട്രോ സർവീസുകളുടെ സമയം നീട്ടി. മജസ്റ്റിക് മെട്രോ സ്റ്റേഷനിൽനിന്നുള്ള അവസാന ട്രെയിൻ പുലർച്ചെ ഒരു മണിക്ക് പുറപ്പെടുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) അറിയിച്ചു.
സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടങ്ങൾക്കനുസരിച്ച് മെട്രോ സ്റ്റേഷനുകൾ തിരഞ്ഞെടുക്കണമെന്നും ബിഎംആർസി നിർദേശിച്ചു. കബ്ബൺ റോഡ് ഭാഗത്തെ ഗേറ്റ് വഴി പ്രവേശിക്കുന്നവർ കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനും ലിങ്ക് റോഡ് ഭാഗത്തെ ഗേറ്റ് വഴി പ്രവേശിക്കുന്നവർ എം.ജി. റോഡ് മെട്രോ സ്റ്റേഷനും ഉപയോഗിക്കണം.