ദസറ, പൂജാ അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷൽ ട്രെയിൻ സർവീസ് ഏർപ്പെടുത്തി. ഒക്ടോബർ 17ന് പാലക്കാട് വഴിയാണ് ട്രെയിൻ സർവീസ് നടത്തുക. എസ്എംവിടി ബെംഗളൂരു–കണ്ണൂർ സ്പെഷൽ (06545) ഒക്ടോബർ 17ന് പുലർച്ചെ 12.05ന് എസ്എംവിടി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് കണ്ണൂരിലെത്തും. കണ്ണൂരിലേക്കുള്ള ട്രെയിനിൻ്റെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.

മടക്കയാത്രയ്ക്കുള്ള സ്പെഷൽ ട്രെയിൻ കണ്ണൂരിൽ നിന്ന് ബെംഗളൂരു കന്റോൺമെന്റിലേക്കാണ് സർവീസ് നടത്തുക. കണ്ണൂർ–ബെംഗളൂരു കന്റോൺമെന്റ് സ്പെഷൽ (06546) ഒക്ടോബർ 17ന് വൈകിട്ട് 6.25ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 9.45ന് ബെംഗളൂരു കന്റോൺമെന്റിലെത്തും. മടക്ക ട്രെയിനിലേക്കുള്ള ടിക്കറ്റ് റിസർവേഷൻ രാവിലെ എട്ടിന് ആരംഭിക്കുമെന്നാണ് അറിയിപ്പ്. ദസറ, പൂജാ അവധിക്കാലത്ത് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന ബെംഗളൂരുവിലെ മലയാളികൾക്ക് സ്പെഷൽ ട്രെയിൻ ആശ്വാസമാകും.

Related Posts