സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും ആകാശ എയറും. റിയാദ്, ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഈ മാസം 17 വരെ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു.
വിമാന സർവീസുകളിലെ മാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിക്കുമെന്ന് ഇൻഡിഗോ വ്യക്തമാക്കി. യാത്ര തടസ്സപ്പെട്ടവർക്ക് ടിക്കറ്റ് നിരക്ക് പൂർണമായും തിരികെ നൽകുകയോ അധിക ചെലവില്ലാതെ യാത്ര പുനഃക്രമീകരിക്കുകയോ ചെയ്യും. റീഫണ്ട് തുക ഏഴ് ദിവസത്തിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പണമടച്ച അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുമെന്നും കമ്പനി അറിയിച്ചു.
ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് ബുക്ക് ചെയ്തവർ സഹായത്തിനായി ബന്ധപ്പെട്ട ഏജൻസികളെ സമീപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. യാത്രക്കാരുടെ സംശയങ്ങൾ പരിഹരിക്കാൻ സഹായസംഘം ലഭ്യമാണെന്നും കമ്പനി അറിയിച്ചു.
സൗദിയിലെ സുരക്ഷാ സാഹചര്യത്തെ തുടർന്നാണ് സർവീസുകൾ റദ്ദാക്കാനുള്ള തീരുമാനമെന്നാണ് റിപ്പോർട്ട്. വിമാനയാത്രയ്ക്ക് തയ്യാറെടുക്കുന്നവർ യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകളിലും സന്ദേശങ്ങളിലുമുള്ള ഏറ്റവും പുതിയ അറിയിപ്പുകൾ പരിശോധിക്കണം.