എച്ച്.എ.എൽ. പൊലീസ് സ്റ്റേഷൻ പരിധിയിലെ വിഭൂതിപുര തടാകത്തിന് സമീപം 15വയസ്സ് പ്രായമുള്ള ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തിന് പിന്നിൽ കുട്ടിയുടെ സുഹൃത്തുക്കളാണെന്ന് പൊലീസ് സംശയിക്കുന്നു. കൊലപ്പെടുത്തിയശേഷം മൃതദേഹം തടാകത്തിന് സമീപം ഉപേക്ഷിച്ചതായാണ് കരുതുന്നത്.
തടാകത്തിന് സമീപം പ്രഭാതസവാരിക്കെത്തിയ വ്യക്തിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് നമ 112 അടിയന്തര ഹെൽപ്ലൈൻ വഴി പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. കൊല്ലപ്പെട്ട കുട്ടിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. കുട്ടിയുടെ വ്യക്തിവിവരങ്ങൾ കണ്ടെത്തുന്നതിനും പ്രതികളെ പിടികൂടുന്നതിനുമായി സമീപപ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ എച്ച്.എ.എൽ. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.