നഗരമൊട്ടാകെ പത്ത് ദിവസം നീളുന്ന ബെംഗളൂരു ജാത്രയിൽ പങ്കെടുക്കാൻ 300ലേറെ സംഘടനകളും 80 കലാകാരന്മാരും താൽപര്യം അറിയിച്ചതായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) അറിയിച്ചു. ഡിസംബർ 4 മുതൽ 13 വരെയാണ് നഗരോത്സവം സംഘടിപ്പിക്കുന്നത്.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ), ബാംഗ്ലൂർ ചേംബർ ഓഫ് ഇൻഡസ്ട്രി ആൻഡ് കൊമേഴ്സ് (ബിസിഐസി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബെംഗളൂരു (ഐഐഎംബി), രാഷ്ട്രീയ വിദ്യാലയ ട്രസ്റ്റ്, ബാംഗ്ലൂർ ഇന്റർനാഷണൽ സെന്റർ, നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ട്, ബാംഗ്ലൂർ ക്രിയേറ്റീവ് സർക്കസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ പങ്കാളികളാകാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ആദിത്യ പ്രകാശ് എൻസെംബിൾ, സ്വരാത്മ, സുമ സുധീന്ദ്ര, മാനസി പ്രസാദ്, കാർത്തിക് മണി, മിസ്റ്റിക് വൈബ്സ്, ചിത്ര ശ്രീകൃഷ്ണ തുടങ്ങിയ കലാകാരന്മാരും പരിപാടിയുടെ ഭാഗമാകാൻ താൽപര്യം അറിയിച്ചിട്ടുണ്ട്.
റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ ഉൾപ്പെടെ നിരവധി സംഘടനകളും ജിബിഎയെ സമീപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പങ്കാളിത്തങ്ങൾ സ്ഥിരീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. നഗരത്തിൻ്റെ സാംസ്കാരിക വൈവിധ്യവും കലാപ്രകടനങ്ങളും വിവിധ മേഖലകളിലെ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഒരുമിപ്പിക്കുന്ന വേദിയായിരിക്കും ബെംഗളൂരു ജാത്ര.