മാണ്ഡകള്ളിയിലെ മൈസൂരു വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി 183.66 കോടി രൂപ അനുവദിക്കാൻ കർണാടക മന്ത്രിസഭയുടെ അംഗീകാരം. റൺവേ നീട്ടുന്നതും അധിക അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതും ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്കായാണ് തുക അനുവദിക്കുന്നത്.
വലിയ വിമാനങ്ങൾക്ക് ഇറങ്ങാനും പറന്നുയരാനും കഴിയുന്ന വിധത്തിൽ റൺവേ വിപുലീകരിക്കുന്നതിനുള്ള ഭൂമി കൈമാറുന്ന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് മന്ത്രിസഭയുടെ തീരുമാനം. ആവശ്യമായ ഭൂമി ഇതുവരെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എഎഐ) കൈമാറിയിട്ടില്ല.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികൾ കർണാടക വ്യവസായ മേഖലാ വികസന ബോർഡ് പൂർത്തിയാക്കിയ ശേഷം, കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ഭൂമി എഎഐയ്ക്ക് കൈമാറും. ഭൂമിയിലെ കെട്ടിടങ്ങൾക്കും മരങ്ങൾക്കുമുള്ള നഷ്ടപരിഹാരം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കാനുണ്ട്. ഏകദേശം ഏഴ് ഏക്കർ ഭൂമിയുടെ കാര്യത്തിലാണ് ഇനി അനുമതി ലഭിക്കാനുള്ളത്.
വിമാനത്താവളത്തിൻ്റെ നിലവിലെ റൺവേയിൽ ചെറിയ വിമാനങ്ങൾക്കു മാത്രമാണ് സർവീസ് നടത്താനാകുക. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നും വിനോദസഞ്ചാരികൾ എത്തുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിൻ്റെ വികസനം അനിവാര്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. വികസന പ്രവർത്തനങ്ങൾ മൈസൂരുവിലെ വിനോദസഞ്ചാര മേഖലയ്ക്കും വ്യവസായങ്ങൾക്കും കൂടുതൽ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. ഔദ്യോഗിക ഉത്തരവ് ലഭിച്ചശേഷം തുടർനടപടികൾ വ്യക്തമാകുമെന്ന് വിമാനത്താവള ഡയറക്ടർ പി.വി. ഉഷാകുമാരി അറിയിച്ചു.