വാഷിങ്ടൺ: അമേരിക്കയിൽ പഠനം പൂർത്തിയാക്കിയ വിദേശ വിദ്യാർഥികൾക്ക് ജോലി പരിചയം നേടാൻ സഹായിക്കുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (OPT) പദ്ധതിയിൽ വൻ ഫീസ് ഏർപ്പെടുത്താൻ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) നിർദേശം. എഫ്-1 വിസയിലുള്ള വിദ്യാർഥിയുടെ ആദ്യ OPT ശുപാർശയ്ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ 70,000 ഡോളറും തുടർന്നുള്ള ശുപാർശകൾക്കും STEM OPT വിപുലീകരണത്തിനും 30,000 ഡോളറും നൽകണമെന്നാണ് നിർദേശം.
നിലവിൽ നിർദേശിച്ചിരിക്കുന്ന ഫീസ് വിദ്യാർഥികളിൽ നിന്ന് നേരിട്ട് ഈടാക്കുന്നതല്ല. OPTയ്ക്ക് വിദ്യാർഥിയെ ശുപാർശ ചെയ്യുന്ന SEVP അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഫീസ് അടയ്ക്കേണ്ടത്. എന്നാൽ അധിക ചെലവ് വിദ്യാർഥികളിലേക്കോ തൊഴിലുടമകളിലേക്കോ മറ്റ് ഫീസുകളിലൂടെയോ കൈമാറാൻ സ്ഥാപനങ്ങൾക്ക് സാധ്യതയുണ്ടെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു.
എഫ്-1 വിസയിലുള്ള വിദേശ വിദ്യാർഥികൾക്ക് പഠനവുമായി ബന്ധപ്പെട്ട മേഖലയിൽ താൽക്കാലികമായി ജോലി ചെയ്ത് പ്രായോഗിക പരിചയം നേടാൻ സഹായിക്കുന്ന സംവിധാനമാണ് OPT. സാധാരണയായി പഠനം പൂർത്തിയാക്കിയ ശേഷം ഒരു വർഷം വരെ ജോലി ചെയ്യാൻ അവസരമുണ്ട്. യോഗ്യതയുള്ള STEM വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് രണ്ട് വർഷത്തെ അധിക വിപുലീകരണത്തിനും അവസരമുണ്ട്.
OPT സംവിധാനത്തിലെ തട്ടിപ്പും ദുരുപയോഗവും തടയുക, കുടിയേറ്റ സംവിധാനത്തിന്റെ വിശ്വാസ്യത ശക്തിപ്പെടുത്തുക, അമേരിക്കൻ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് ഉയർന്ന ഫീസ് നിർദേശിക്കുന്നതിന് DHS ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ. എന്നാൽ സർവകലാശാലകളും വിദ്യാഭ്യാസ സംഘടനകളും നിർദേശത്തിനെതിരെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഉയർന്ന ചെലവ് വിദേശ വിദ്യാർഥികളെ അമേരിക്കയിൽ പഠിക്കുന്നതിൽ നിന്നും ജോലി ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കുമെന്നും പ്രത്യേകിച്ച് STEM മേഖലകളിലെ പ്രതിഭാ ലഭ്യതയെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.