ബെംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷൻ പരിധിയിലെ റോഡുകളിൽ 14,393 കുഴികൾ കണ്ടെത്തി. 2,493.5 കിലോമീറ്റർ റോഡുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് നടത്തിയ സർവേയിലാണ് കണക്കുകൾ പുറത്തുവന്നത്. ഡാഷ്ക്യാമുകൾ ഉപയോഗിച്ച് തത്സമയ ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പരിശോധന.
സർവേയിൽ റോഡുകളുടെ ഉപരിതലാവസ്ഥ, കുഴികൾ, തകർന്ന ഭാഗങ്ങൾ, യൂട്ടിലിറ്റി ജോലികൾ മൂലം കേടായ റോഡുകൾ എന്നിവ പരിശോധിച്ചു. ആകെ റോഡ് ശൃംഖലയുടെ 82.1 ശതമാനം നല്ലതോ തൃപ്തികരമായതോ ആയ നിലയിലാണെന്നാണ് കോർപ്പറേഷൻ്റെ വിലയിരുത്തൽ. 1,426.8 കിലോമീറ്റർ റോഡുകൾ നല്ല നിലയിലും 607.1 കിലോമീറ്റർ ചെറിയ ഉപരിതല തകരാറുകളുള്ളതായും കണ്ടെത്തി.
റോഡ് ശൃംഖലയിൽ ഏറ്റവും കൂടുതൽ കുഴികൾ കണ്ടെത്തിയത് ബ്യാട്ടരായണപുര ഡിവിഷനിലാണ്. 823.5 കിലോമീറ്റർ റോഡുകളിൽ ഇവിടെ 5,964 കുഴികളാണ് കണ്ടെത്തിയത്. സർവജ്ഞനഗറിൽ 2,359, ഹെബ്ബാളിൽ 1,368, പുലകേശിനഗറിൽ 1,357, രാജരാജേശ്വരി നഗറിൽ 1,222, യെലഹങ്കയിൽ 1,157, ദാസറഹള്ളിയിൽ 966 എന്നിങ്ങനെയാണ് കുഴികളുടെ എണ്ണം. ശരാശരി ഒരു കിലോമീറ്ററിൽ 5.8 കുഴികൾ വീതമാണ് കണ്ടെത്തിയത്.
റോഡുകളെ മികച്ച അവസ്ഥയായ CO മുതൽ ഏറ്റവും മോശം അവസ്ഥയായ C4 വരെയുള്ള വിഭാഗങ്ങളായാണ് സർവേയിൽ തരംതിരിച്ചത്. പരാതി ലഭിക്കുന്നതിനെ മാത്രം ആശ്രയിച്ചുള്ള അറ്റകുറ്റപ്പണി രീതിയിൽ നിന്ന് മാറി, റോഡുകളുടെ യഥാർഥ അവസ്ഥയുടെ അടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾക്ക് മുൻഗണന നൽകാൻ എഐ സർവേ സഹായിക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചു. കുഴികൾ, ഉപരിതല തകരാറുകൾ, യൂട്ടിലിറ്റി ജോലികൾ മൂലമുള്ള കേടുപാടുകൾ, ടാർ ചെയ്യാത്ത റോഡുകൾ എന്നിവ കണ്ടെത്തി അറ്റകുറ്റപ്പണികൾക്കും വികസന പ്രവർത്തനങ്ങൾക്കും മുൻഗണന നിശ്ചയിക്കാനാണ് സർവേ വിവരങ്ങൾ ഉപയോഗിക്കുക.