‘ടെക് സമ്മിറ്റ്-2026’ൽ 75ലേറെ രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് കർണാടക സർക്കാർ. നവംബർ 17 മുതൽ 19 വരെ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ (BIEC) നടക്കുന്ന 29-ാമത് ടെക് സമ്മിറ്റിൻ്റെ ഭാഗമായി ആഗോള സാങ്കേതിക-നവീകരണ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനാണ് നീക്കം. ഈ വർഷത്തെ പ്രമേയം ‘AI & Beyond’ ആണ്.
ഇതിൻ്റെ ഭാഗമായി ഇന്ന് ബെംഗളൂരുവിൽ നടന്ന ഗ്ലോബൽ ഇന്നൊവേഷൻ അലയൻസ് (GIA) മീറ്റിൽ 40ലേറെ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. അന്താരാഷ്ട്ര പങ്കാളിത്തം വർധിപ്പിക്കുന്നതിനും വിവിധ രാജ്യങ്ങളിലെ സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവയെ കർണാടകയുടെ ടെക് ഇക്കോസിസ്റ്റവുമായി ബന്ധിപ്പിക്കുന്നതിനുമാണ് യോഗം ലക്ഷ്യമിട്ടത്.
ഈ വർഷത്തെ സമ്മിറ്റിൽ 1,800ലേറെ എക്സിബിറ്റർമാർ, 1,000 സ്റ്റാർട്ടപ്പുകൾ, 25,000 ഡെലിഗേറ്റുകൾ, 700 സ്പീക്കർമാർ, 60,000 ബിസിനസ് സന്ദർശകർ എന്നിവരെയാണ് പ്രതീക്ഷിക്കുന്നത്. 20ലേറെ രാജ്യങ്ങളുടെ പവിലിയനുകളും അന്താരാഷ്ട്ര പ്രദർശകരും പങ്കെടുക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ്ടെക്, സെമികണ്ടക്ടർ, ഡിജിറ്റൽ ഹെൽത്ത്, ഫിൻടെക്, സൈബർ സുരക്ഷ, സ്പേസ്ടെക്, റോബോട്ടിക്സ് തുടങ്ങിയ മേഖലകൾക്ക് ഇത്തവണ പ്രത്യേക പ്രാധാന്യമുണ്ട്. AI & Robotics Pavilion, Future Makers Conclave, embedded world India തുടങ്ങിയ പരിപാടികളും സമ്മിറ്റിൻ്റെ പ്രധാന ആകർഷണങ്ങളാകും.
ആഗോള പങ്കാളിത്തം കൂടുതൽ ഫലപ്രദമാക്കുന്നതിനായി GIA 2.0 വഴി വെറും ധാരണാപത്രങ്ങളിൽ ഒതുങ്ങാതെ സ്റ്റാർട്ടപ്പുകളുടെ വിദേശ വിപണി പ്രവേശനം, സംയുക്ത സാങ്കേതിക വികസനം, ഗവേഷണ പദ്ധതികൾ, നിക്ഷേപം, തൊഴിൽസൃഷ്ടി എന്നിവയിലേക്ക് സഹകരണം എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഐ.ടി.-ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെ വ്യക്തമാക്കി.