ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യ എംപിമാർ ഡൽഹിയിൽ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനമായ നിർവാചൻ സദനിലേക്കായിരുന്നു പ്രതിപക്ഷ എംപിമാരുടെ മാർച്ച്. ആകാശവാണി ഭവന് സമീപം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് മാർച്ച് തടയുകയായിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ബാരിക്കേഡ് മറികടക്കാൻ സമാജ്‌വാദി പാർട്ടി പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ തുടങ്ങിയ നേതാക്കളും മാർച്ചിൽ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്.ഐ.ആറുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെടുന്നത്. വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമാകുന്നതിനിടെയാണ് ഇന്ത്യ സഖ്യ എംപിമാർ നേരിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്.
മാർച്ച് കണക്കിലെടുത്ത് പാർലമെന്റ് പരിസരത്തും തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തിന് സമീപവും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.