സ്കൂൾ ബസിനടിയിൽപ്പെട്ട് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. കർണാടകയിലെ മൈസൂരു ജില്ലയിലാണ് സംഭവം. ലതിക്ഷ എന്ന ഒരു വയസ്സും ഏഴ് മാസവും പ്രായമുള്ള കുട്ടിയാണ് മരിച്ചത്. സഹോദരനെ സ്കൂളിൽനിന്ന് കൂട്ടിക്കൊണ്ടുപോകാൻ അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു ലതിക്ഷ. അമ്മ നാല് വയസ്സുള്ള മകനെ ബസിൽനിന്ന് ഇറക്കുന്നതിനിടെ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ഇതിനിടെ സമീപത്തുണ്ടായിരുന്ന ലതിക്ഷയെ ബസ് ഇടിക്കുകയും കുട്ടി അടിയിൽപ്പെടുകയുമായിരുന്നു.
ബസിൻ്റെ ടയർ ശരീരത്തിലൂടെ കയറിയിറങ്ങിയതിനെ തുടർന്ന് കുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സംഭവത്തിൽ ബസ് ഡ്രൈവർ സിദ്ധരാജുവിനെതിരെ (42) കുടുംബം പരാതി നൽകി. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നും ഇയാൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.