വിമാനപുര കൈരളീ നിലയം സ്‌കൂളിൽ 2023 മുതൽ നടന്നു വരുന്ന കഥകളി വേഷ പഠന കളരിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കഥകളി സന്ധ്യ ആസ്വാദർക്ക് നവ്യാനുഭൂതിയായി. പച്ച, മിനുക്ക് വേഷങ്ങളിലായി ഉത്തരാസ്വയംവരം, സുഭദ്രാഹരണം, ലവണാസുരവധം, ഗീതോപദേശം എന്നീ നാലു കഥകളിലെ പ്രധാന ഭാഗങ്ങൾ ആണ് അവതരിക്കപ്പെട്ടത്. സ്കൂൾ കുട്ടികൾ മുതൽ ജോലിയിൽ നിന്നും വിരമിച്ചവർ വരെ ഉൾപ്പെടുന്ന ഈ കഥകളി വിദ്യാർഥികൾ 2025ൽ അരങ്ങേറ്റം കഴിഞ്ഞവർ ആണ്.

ഉത്തരാസ്വയംവരത്തിലെ അരവിന്ദ മിഴിമാരെ എന്ന മനോഹരമായ പദത്തിൽ തുടങ്ങി വീര വിരാട എന്ന പ്രശസ്തമായ കുമ്മിനൃത്തം വരെയുള്ള ഭാഗം അരുന്ധതി ടി എസ്, ധന്യ സുദേവ്, നിവേദിതാ പണിക്കർ എന്നിവർ ഭംഗിയായി അവതരിപ്പിച്ചു. തുടർന്ന് മുതിർന്ന വിദ്യാർത്ഥികളായ ആകാശ് നരസിപുർ, സി.രതി നായർ എന്നിവർ സുഭദ്രാഹരണത്തിലെ കൃഷ്ണൻ്റെയും ഇന്ദ്രൻ്റെയും രംഗം ഗംഭീരമാക്കി. ഡോക്ടർ ലൈല രാമചന്ദ്രൻ സീതയായി ശോഭിച്ച ലവണാസുരവധം കഥ കൊച്ചു കുട്ടികളായ ശ്രീഹരി മനു, കാർത്തിക് ആർ നായർ, ദൈവിക് ആർ നായർ, അക്ഷോഭ് എസ് പണിക്കർ എന്നിവർ ചേർന്ന് മനോഹരമായി അവതരിപ്പിച്ച ലവകുശന്മാരുടെ പ്രകടനം കൊണ്ടും ശ്രദ്ധേയമായി. പരിപാടിയിലെ അവസാന ഇനമായ ഗീതോപദേശം കഥാഭാഗത്തിൽ കൃഷ്ണനായി വിദ്യ പ്രഭയും അർജുനനായി ഗൗരി പാർവതി പാലശ്ശേരിയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.

ബാംഗ്ലൂർ ക്ലബ് ഫോർ കഥകളി ആൻഡ് ദി ആർട്സിൻ്റെയും’ (BCKA), കൈരളീ കലാസമിതിയുടെയും ആഭിമുഖ്യത്തിൽ എല്ലാ വാരാന്ത്യത്തിലും നടത്തി വരുന്ന കഥകളി വേഷ പഠന കളരിയിൽ പ്രശസ്ത കഥകളി കലാകാരിയും ബാംഗ്ലൂർ നിവാസിയുമായ ‘കലാക്ഷേത്രം’ പ്രിയാ നമ്പൂതിരിയാണ് ക്ലാസുകൾ നയിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി കഥകളി അവതരിപ്പിക്കുന്ന പ്രതിഭാധനയായ കലാകാരിയാണ് പ്രിയ. മുംബൈയിൽ കഥകളിയെ ജനകീയമാക്കിയ കലാമണ്ഡലം സി.ഗോപാലകൃഷ്ണൻ്റെ ശിക്ഷണത്തിൽ 8 വയസ്സുള്ളപ്പോൾ പരിശീലനം ആരംഭിച്ച പ്രിയ പച്ച, കത്തി, താടി, മിനുക്ക് എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വേഷങ്ങൾ അവതരിപ്പിച്ച് തൻ്റെ കഴിവ് തെളിയിച്ചു. കേരളത്തിലെ ഒട്ടനവധി കഥകളി ക്ലബ്ബുകളിലെയും ക്ഷേത്രങ്ങളിലെയും കഥകളി അരങ്ങുകളിൽ സ്ഥിര സാന്നിധ്യമായ അവർ, കഥകളി ശില്പശാലകളും നടത്തുന്നുണ്ട്.

Related Posts