ബാംഗ്ലൂർ നഗരത്തിലെ നടപ്പാത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) വീണ്ടും ഊർജിതമാക്കി. കൊടിഗേഹള്ളി ഗേറ്റിൽ നിന്ന് കൊടിഗേഹള്ളി സർക്കിൾ വരെയുള്ള ഭാഗത്തെ കയ്യേറ്റങ്ങൾ നോർത്ത് സിറ്റി കോർപറേഷൻ്റെ നേതൃത്വത്തിൽ ഒഴിപ്പിക്കുന്നത് പുരോഗമിക്കുകയാണ്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ നഗരത്തിൽ 1,000 കിലോമീറ്റർ ദൂരത്തെ നടപ്പാത കയ്യേറ്റങ്ങൾ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. നടപ്പാതകളിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട വഴിയോര കച്ചവടക്കാർക്ക് തുടർന്നും വ്യാപാരം നടത്തുന്നതിനായി പ്രത്യേക സോണുകൾ അനുവദിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
നടപ്പാതകളിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകളും മറ്റ് നിർമിതികളും നീക്കം ചെയ്യുന്നതിന് മുമ്പ് ബന്ധപ്പെട്ട ഉടമകൾക്ക് നോട്ടീസ് നൽകുന്നുണ്ട്. നോട്ടീസ് ലഭിച്ചിട്ടും ഉടമകൾ ബോർഡുകളോ നിർമിതികളോ നീക്കം ചെയ്യാത്ത പക്ഷം അതത് കോർപറേഷനിലെ ജീവനക്കാരെത്തി അവ പൊളിച്ചുനീക്കും.